തിരുവനന്തപുരം: കലങ്ങിമറിഞ്ഞ അന്തരീക്ഷത്തില്‍ ഡി.സി.സി അദ്ധ്യക്ഷന്‍മാര്‍ ചുമതല ഏറ്റെടുക്കുന്നതിനിടയിലും കോണ്‍ഗ്രസില്‍ പാളയത്തില്‍ പടയ്ക്ക് ശമനമില്ല. ഗ്രൂപ്പില്ലെന്നു വരുത്തി കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ ഉറച്ചു നില്‍ക്കുകയാണ്.
" പ്രശ്നം കെസി തന്നെ"
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാം തകര്‍ത്തതത് വേണുഗോപാലിന്‍റെ ഇടപെടലാണെന്ന് ആരോപിക്കുന്ന എ, ഐ പക്ഷങ്ങള്‍ ഇപ്പോഴത്തെ പ്രശ്നത്തിലും പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് വേണുഗോപാലിനെ തന്നെ. ഇരു ഗ്രൂപ്പുകളിലും പെട്ട നിരവധി നേതാക്കള്‍ വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡിനു പരാതി നല്‍കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്ത് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കെ.മുരളീധരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷും ടി.സിദ്ദിഖും രംഗത്തു വന്നു.
ഡി.സി.സി പ്രസിഡന്‍റുമാര്‍ ചുമതലയേല്‍ക്കുന്ന വേദി കലാപ ഭൂമിയാക്കരുതെന്ന് കെ. മുരളീധനും ഉമ്മന്‍ചാണ്ടിയെ മറയാക്കി ആരും കളിക്കേണ്ടെന്ന് തിരുവഞ്ചൂരും പറഞ്ഞത് രമേശിനുള്ള മറുപടിയായി.
ഉമ്മൻചാണ്ടിയുടെ വാക്കുകളില്‍ പ്രതീക്ഷ
ആരെങ്കിലും മുന്‍കൈ എടുത്താല്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞത് ശുഭ സൂചനയായാണ് ഔദ്യോഗിക പക്ഷം കാണുന്നത്. ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്‍റ് പുന സംഘടന കഴിഞ്ഞെന്നും കെ.പി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് പുന സംഘടനകള്‍ക്കു മുന്‍പ് ഇരുവരുമായും സംസാരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
എന്നാല്‍ അവിടെയും കഴിവ് മാത്രമായിരിക്കും അടിസ്ഥാനമെന്ന് സുധാകരന്‍ നയം വ്യക്തമാക്കുന്നു.