തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചതോടെ വൻ ജനത്തിരക്ക്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. സർക്കാർ നിഷ്കർഷിച്ചിരിക്കുന്നത് പ്രകാരം കൊവിഡ് സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ഓഫീസുകളിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന വിവിധ ആവശ്യങ്ങൾക്കായാണ് ജനങ്ങൾ സർക്കാർ ഓഫീസുകളിലെത്തിയത്. പലയിടത്തും നീണ്ട ക്യൂ അനുഭവപ്പെട്ടു. ഓഫീസിലെത്തുന്ന മുഴുവൻ ആളുകളുടെയും പേരും ഫോൺ നമ്പറും ശേഖരിക്കുന്നുണ്ട്. തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയും കൈ കഴുകലും നിർബന്ധമാണ്. അതേസമയം, തിരക്ക് നിയന്ത്രിക്കാൻ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും പ്രായോഗികമാകുന്നില്ല എന്ന് ആരോപണവും ഉയരുന്നുണ്ട്.