തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്. ഫെബ്രുവരി മാസത്തിന്‍റെ ആരംഭത്തില്‍ അര ലക്ഷത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. മൂന്നാം തരംഗത്തിന്‍റെ ആശങ്ക ഏറെക്കുറെ ഒഴിഞ്ഞതോടെ സംസ്ഥാനത്ത് കൊവിഡിന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരിയില്‍ ആദ്യ രണ്ട് ദിവസം അന്‍പതിനായിരത്തിന് മുകളിലായിരുന്നു കൊവിഡ് ബാധിതര്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിദിന നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ഫെബ്രുവരി പകുതിയോടെ അത് പതിനായിരത്തില്‍ താഴെയായി. തുടര്‍ന്നുള്ള ദിവസങ്ങളിലും രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു.
ഫെബ്രുവരിയിലെ അവസാന ദിവസമായ തിങ്കളാഴ്‌ച രോഗബാധിതരുടെ എണ്ണം 2,010 ആണ്. 47,3545 പേര്‍ക്കാണ് ഫെബ്രുവരി മാസത്തില്‍ രോഗം ബാധിച്ചത്. രോഗമുക്തി നിരക്കിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ 2,4912 കൊവിഡ് ബാധിതരാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്.
Also read: യുക്രൈനില്‍ നിന്ന് 220 വിദ്യാര്‍ഥികള്‍ കൂടി ഡല്‍ഹിയില്‍ ; എത്തിയത് ഇസ്‌താംബൂള്‍ വഴി
ജില്ലകളിലെ കണക്ക് നോക്കിയാല്‍ അയ്യായിരത്തില്‍ താഴെയാണ് നിലവിലെ രോഗ ബാധിതരുടെ എണ്ണം. 4,215 പേര്‍ ചികിത്സയിലുള്ള എറണാകുളം ജില്ലയിലാണ് നിലവില്‍ കൂടുതല്‍ രോഗികളുള്ളത്.
കൊവിഡ് മരണങ്ങളിലും വലിയ കുറവുണ്ടായിട്ടുണ്ട്. ചൊവ്വാഴ്‌ച 2 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും രേഖകള്‍ വൈകി ലഭിക്കുകയും ചെയ്‌ത 38 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 65,501 ആയി.
സംസ്ഥാനത്ത് ഇതുവരെ 6,502,060 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ രീതിയില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി പത്തില്‍ താഴെയാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഫെബ്രുവരി ഒന്നിന് 45.9 ആയിരുന്നു സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.