തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമസഭ പദ്ധതി ലിസ്റ്റുകള്‍ വ്യാപകമായി അട്ടിമറിക്കപ്പെടുന്നതായി പരാതി. വിവിധ പദ്ധതികള്‍ക്കായുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ അനര്‍ഹര്‍ കയറിക്കൂടുകയാണ്. ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും ആക്ഷേപമുണ്ട്.
ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് മാത്രമാണ്. പ്രാഥമിക തലത്തിലുള്ള ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ഗ്രാമസഭകള്‍ ഉള്ളത്. ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍ക്ക് തങ്ങളുടെ ഒരു പദ്ധതിക്ക് ഗുണഭോക്താക്കളെ വേണമെങ്കില്‍ അവയുടെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളെ അറിയിച്ച് ഗ്രാമസഭ ലിസ്റ്റ് വാങ്ങണം. തുടര്‍ന്ന് നിര്‍വഹണ ഉദ്യോഗസ്ഥനെ രേഖാമൂലം ഏല്‍പ്പിക്കുന്നതാണ് നടപടിക്രമം.
മുന്‍ഗണനാക്രമം അട്ടിമറിക്കുന്നു
നിര്‍വഹണ ഉദ്യോഗസ്ഥന് അര്‍ഹത ഉറപ്പുവരുത്തുന്നതിനും അനര്‍ഹരെ വ്യക്തമായ കാരണങ്ങള്‍ രേഖപ്പെടുത്തി ഒഴിവാക്കാനും അധികാരമുണ്ട്. ഒരാള്‍ ഒഴിവാകുമ്പോള്‍ തൊട്ടു താഴെയുള്ളയാള്‍ മുകളിലത്തെ മുന്‍ഗണനയിലെത്തും. വ്യക്തിഗത ഗുണഭോക്താവിനെയായാലും ഗുണഭോക്തൃ ഗ്രൂപ്പിനെ ആയാലും തെരഞ്ഞെടുക്കാനും ലിസ്റ്റിന്‍റെ മുന്‍ഗണനാക്രമം നിശ്ചയിക്കാനുമുള്ള അധികാരം ഗ്രാമസഭയ്ക്ക് മാത്രമാണ്.
വിവിധ പദ്ധതികള്‍ക്കായി ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭ്യമാക്കുന്ന ഗുണഭോക്തൃ ലിസ്റ്റിനെ ബ്ലോക്ക് പഞ്ചായത്ത് സമിതിക്ക് ലഭ്യമാക്കി അതില്‍ നിന്നും ഡിവിഷന്‍ അടിസ്ഥാനത്തില്‍ എണ്ണം ക്രമപ്പെടുത്താനെന്ന വ്യാജേന മുന്‍ഗണന പുനക്രമീകരിക്കുകയും ചിലരെ പുറന്തള്ളുകയും മറ്റു ചിലരെ കൂട്ടിച്ചേര്‍ക്കുകയുമാണ് ചെയ്യുന്നത്.
കൂട്ടുനിന്ന് ഉദ്യോഗസ്ഥരും
ഇതിനുപുറമെ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പേരുകളും ഒപ്പുകളും രേഖകളുടെ ഫോട്ടോസ്റ്റാറ്റുകളും ശേഖരിച്ച് തട്ടിക്കൂട്ടുന്ന പേപ്പര്‍ ഗ്രൂപ്പുകള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ നല്‍കുന്നത്.
സ്വയം സഹായ സംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട്, കാടുവെട്ടി യന്ത്രം, മിനി ട്രാക്‌ടര്‍ , തേനീച്ച വളര്‍ത്തല്‍, മൃഗസംരക്ഷണ, ക്ഷീര വികസന മേഖലയിലെ നിരവധി പ്രോജക്‌റ്റുകള്‍, പട്ടികജാതി വികസന ഓഫിസ് വഴി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, കൃഷി അസിസ്റ്റന്‍റ് ഡയറക്‌ടര്‍, വ്യവസായ വികസന ഓഫിസര്‍ എന്നിവര്‍ വഴി നടപ്പാക്കുന്ന പ്രോജക്‌റ്റുകള്‍ എന്നിവയുടെ ഗുണഭോക്തൃ ലിസ്റ്റ് ഏറെയും ഇപ്രകാരം തട്ടിക്കൂട്ടുന്നതാണെന്നും ആക്ഷേപമുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും ബ്ലോക്കിലെ അസിസ്റ്റന്‍റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍മാരായ ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് ആരോപണം.
Also read: യാത്രാക്കൂലിയെ ചൊല്ലി തര്‍ക്കം : ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍