തിരുവനന്തപുരം : കൊവിഡ് കാലത്ത് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ വലിയ അഴിമതി നടന്നെന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എവിടെ നിന്നും എന്ത് വില കൊടുത്തും സുരക്ഷാഉപകരണങ്ങള്‍ വാങ്ങുകയെന്നതായിരുന്നു അവസ്ഥ. അസാധാരണ സാഹചര്യത്തില്‍ അസാധാരണ തീരുമാനമാണ് കൊവിഡ് കാലത്ത് സര്‍ക്കാര്‍ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് എത്രയും പെട്ടന്ന് തന്നെ 275 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് 50000 പിപിഇ കിറ്റ് വാങ്ങിയത്. തെര്‍മോ മീറ്ററുകള്‍ക്ക് വലിയ ക്ഷാമം ഉണ്ടായിരുന്നു. അതിനാലാണ് 7500 രൂപ നിരക്കില്‍ 2000 തെര്‍മോ മീറ്ററുകള്‍ വാങ്ങിയത്.
കുറഞ്ഞ വിലയ്‌ക്ക് പിപിഇ കിറ്റ് ലഭിക്കുന്ന സാഹചര്യം വന്നപ്പോൾ പഴയ ഓര്‍ഡര്‍ റദ്ദാക്കി. കൊവിഡ് പ്രതിരോധത്തെ ശക്തിപ്പെടുത്തുകയായിരുന്നു മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
ആരുടെയും വ്യക്തിപരമായ താല്‍പര്യത്തിന്‍റെ ഭാഗമായല്ല തീരുമാനങ്ങള്‍ എടുത്തത്. കേരള ജനതയെ കൊവിഡില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള അടിയന്തര നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. അടിയന്തര ഘട്ടത്തിലെ ഈ നടപടികളെ അഴിമതിയായി ചിത്രീകരിച്ച് പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കൊവിഡ് മരണങ്ങള്‍ കേരളം മറച്ചുവച്ചെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. സുപ്രീം കോടതിയുടെയും ഐ.സി.എം.ആറിന്‍റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് കേരളം പ്രവര്‍ത്തിച്ചത്. ഒരു കണക്കും മറച്ചുവച്ചിട്ടില്ലെന്നും നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.