തിരുവനന്തപുരം : രണ്ടുപതിറ്റാണ്ടുനീണ്ട സിപിഎം സഹയാത്ര അവസാനിപ്പിച്ച് ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസിൽ. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചതായും 20 വർഷത്തിനുശേഷം തൻ്റെ തറവാട്ടിലേക്ക് മടങ്ങുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. എ കെ ആൻ്റണിയെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിച്ച ശേഷമാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് പ്രവേശനം ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചത്.
'സിപിഎം അവഗണിച്ചില്ല, പക്ഷേ പരിഗണിച്ചതുമില്ല'
ഇടതുസഹയാത്രികൻ എന്ന നിലയിൽ താൻ ന്യായീകരണ തൊഴിലാളി ആയിരുന്നുവെന്നും തൻ്റെ രാഷ്ട്രീയ പ്രസക്തി നഷ്‌ടമായെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സിപിഎം തന്നെ അവഗണിച്ചിട്ടില്ല. എന്നാൽ പരിഗണിച്ചുമില്ല. താൻ സംഘടനാരംഗത്തോ പാർലമെൻ്ററി രംഗത്തോ കഴിഞ്ഞ ഇരുപത് വർഷം ഉണ്ടായിരുന്നില്ല. പിണറായി വിജയനെക്കുറിച്ചുള്ള അഭിപ്രായം തൻ്റെ പുസ്‌തകത്തിൽ പറയും. സിപിഎമ്മിൽ ചേരുന്നവർ പോയി അനുഭവിച്ചുവരട്ടെയെന്നും ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു.
'കോൺഗ്രസിലെ പുതിയ മുഖങ്ങൾ പ്രതീക്ഷയാണ്'
തൻ്റെ അധ്വാനത്തിൻ്റെ മൂലധനം കോൺഗ്രസിലാണ്. അതൊരു സ്ഥിരനിക്ഷേപമായുണ്ട്. കോൺഗ്രസിൽ താൻ ഒരു പോരാളിയായിരുന്നു. കോൺഗ്രസിലെ അധികാരക്കൊതി അവസാനിപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. ഇന്ന് അത് കോൺഗ്രസിൽ നടപ്പായി. പഴയ മുഖം മാറി പുതിയ മുഖങ്ങൾ വന്നു. താൻ പറഞ്ഞ കാര്യങ്ങൾ നടപ്പായത് കൊണ്ടാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. സമ്പത്തുകാലത്താണ് താൻ കോൺഗ്രസ് വിട്ടത്. ആപത്ത് കാലത്താണ് തിരികെയെത്തുന്നത്. തനിക്ക് മാനസിക അടിമത്തം ഇല്ലാത്തിടത്തേക്കാണ് പോകുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
READ MORE: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് ; ഔദ്യോഗിക പ്രഖ്യാപനം 29ന്