തിരുവനന്തപുരം : 20 വര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തുന്നു. വെള്ളിയാഴ്‌ച രാവിലെ 11ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണിയെ സന്ദര്‍ശിച്ച ശേഷം 11.30ന് അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇവിടെവച്ച് കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്‍റെ ബുദ്ധികേന്ദ്രം
2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നേതൃത്വവുമായി ഇടഞ്ഞ് ചെറിയാന്‍ കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് അദ്ദേഹം പുതുപ്പള്ളിയില്‍ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അന്നുമുതല്‍ സിപിഎമ്മുമായി പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലര്‍ത്തിയെങ്കിലും പാര്‍ലമെന്‍ററി രംഗത്ത് തഴയപ്പെട്ടു. നിരവധി തവണ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അവസാനനിമിഷം ഒഴിവാക്കപ്പെടുന്നതില്‍ ചെറിയാന്‍ ഖിന്നനായിരുന്നു.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തില്ല
ഏറ്റവും ഒടുവില്‍ കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ലഭിച്ച രണ്ട് സീറ്റുകളിലൊന്ന് ചെറിയാന്‍ ഫിലിപ്പിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവായി. പിണറായി വിജയന്‍ ബോധപൂര്‍വം തന്നെ ഒഴിവാക്കുകയാണെന്ന വികാരം അദ്ദേഹം അടുപ്പക്കാരോട് പങ്കുവച്ചിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎം അദ്ദേഹത്തിന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറാകാതെ പ്രതിഷേധം പരസ്യമാക്കി. ഇത് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിന്‍റെ സൂചനയായി.
ഉമ്മന്‍ചാണ്ടിയുമായി ചെറിയാന്‍ ഫിലിപ്പ് വേദി പങ്കിട്ടു
താന്‍ കോണ്‍ഗ്രസിലേക്കെന്ന മാധ്യമ വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചതുമില്ല. ഇതിനിടെ തലസ്ഥാനത്ത് നടന്ന ഒരു ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുമായി ചെറിയാന്‍ ഫിലിപ്പ് വേദി പങ്കിട്ടതോടെ ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളുടെ മഞ്ഞുരുകി. ഇരുവരും പരസ്‌പരം അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യ വേദിയില്‍ പറഞ്ഞു തീര്‍ത്തു.
കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചെറിയാനെ പാര്‍ട്ടിയിലെത്തിക്കാന്‍ ആഞ്ഞുപരിശ്രമിച്ചതോടെ 20 വര്‍ഷം നീണ്ട പരിഭവങ്ങളുടെയും എതിര്‍പ്പുകളുടെയും മഞ്ഞുരുകി.
2006ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കെ.ടി.ഡി.സി ചെയര്‍മാനായിരുന്ന ചെറിയാന്‍ 2016ല്‍ പിണറായി മുഖ്യമന്ത്രിയായിരിക്കെ നവ കേരള മിഷന്‍ ചെയര്‍മാനുമായിരുന്നു. കോണ്‍ഗ്രസിലായിരിക്കെ എ.കെ. ആന്‍റണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെട്ട എ ഗ്രൂപ്പിന്‍റെ ബുദ്ധി കേന്ദ്രമായിരുന്നു ചെറിയാന്‍.
READ MORE: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം തള്ളി ചെറിയാൻ ഫിലിപ്പ്