തിരുവനന്തപുരം: വിഴിഞ്ഞം ചാവടിനട ആമ്പാടി കൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചിയും അന്നദാന ഫണ്ടും മോഷ്ടാക്കൾ കവർന്നു. ക്ഷേത്രത്തിലെ ഓഫിസും, കാണിക്കവഞ്ചിയും കുത്തിത്തുറന്ന് എഴുപതിനായിരത്തിലധികം രൂപയും, നേർച്ച ദ്രവ്യങ്ങളുമാണ് കവർന്നത്.
ക്ഷേത്ര പൂജാരി രാവിലെ നടതുറക്കാനെത്തിയപ്പോഴാണ് മടപ്പിളളിയുടെയും ഓഫീസിന്‍റെയും പൂട്ടുകൾ പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് വിഴിഞ്ഞം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ കെട്ടിട വളപ്പിൽ നിന്ന് പണം കവർന്നശേഷം ഉപേക്ഷിച്ച കാണിക്ക വഞ്ചി കണ്ടെടുത്തു.
അന്നദാനത്തിന് നാട്ടുകാർ സംഭാവനായി നൽകിയ തുക ഓഫീസിലെ മേശയിലായിരുന്നു സൂക്ഷിച്ചിരുന്നത്. പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ശ്രീകോവിലിന്‍റെ വാതിലിലെ പൂട്ടുകളിലൊന്ന് പൊളിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രം അധികൃതര്‍ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.