തിരുവനന്തപുരം : കേരളത്തിന് കൂടുതൽ വാക്‌സിൻ അനുവദിച്ച് കേന്ദ്രസർക്കാർ. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി ഡോസ് വാക്‌സിൻ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉറപ്പ് നല്‍കി. കൊവിഡ് പ്രതിരോധം വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി ഉന്നതതല അവലോകനയോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കേരളത്തിന് കൂടുതല്‍ വാക്‌സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്‌ചയില്‍ അദ്ദേഹത്തോട് അഭ്യർഥിച്ചിരുന്നു.
സംസ്ഥാനത്തിന് 267.5 കോടി രൂപ അടിയന്തര സഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. രണ്ടാം കൊവിഡ് പാക്കേജില്‍ നിന്നാണ് കേന്ദ്രം ഇത്രയും തുക അനുവദിക്കുന്നത്. ഓരോ ജില്ലയ്ക്കും മെഡിസിന്‍ പൂളിനായി ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ടെലിമെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്താന്‍ മികവിന്‍റെ കേന്ദ്രം സജ്ജമാക്കും.
'കേരളത്തിൽ 56 ശതമാനം പേർക്കും രോഗം ബാധിച്ചിട്ടില്ല'
തിരുവനന്തപുരം തോന്നയ്ക്കലുള്ള ബയോ പാര്‍ക്കില്‍ വാക്‌സിൻ ഉത്പാദന കേന്ദ്രം ആരംഭിക്കുന്നതിന്‍റെ സാധ്യതകള്‍ യോഗത്തിൽ കേരളം മുന്നോട്ടുവച്ചു. കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ ക്വാറന്‍റൈൻ സൗകര്യം ഒരുക്കിയ കേരളത്തിന്‍റെ സംവിധാനം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇപ്പോഴും 56 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചിട്ടില്ല. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ട്.
പത്തുലക്ഷം അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുകയാണ് ഏക പോംവഴിയെന്നും ഇതിനാലാണ് കൂടുതല്‍ വാക്‌സിൻ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് കേന്ദ്രമന്ത്രി അംഗീകരിച്ചിരിച്ചിരിക്കുന്നത്. കേരളത്തിന്‍റെ നെഗറ്റീവ് വാക്‌സിൻ വേസ്റ്റേജ് മാതൃകാപരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
കൊവിഡ് മരണനിരക്ക് കുറവാണെന്നത് നേട്ടമെന്ന് കേന്ദ്രമന്ത്രി
കൂടുതല്‍ ചികിത്സയും ശ്രദ്ധയും വേണ്ടവരെ ഫ്രണ്ട് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. ആശുപത്രികള്‍ നേരിടേണ്ടി വന്നേക്കുമായിരുന്ന അധിക സമ്മര്‍ദം ഇതിലൂടെ ഒഴിവാക്കാന്‍ കഴിഞ്ഞു. വീടുകളില്‍ കഴിയുന്നവരെ തദ്ദേശതലത്തിലുള്ള പ്രത്യേക ടീമുകള്‍ കൃത്യമായി നിരീക്ഷിക്കുകയും അവരുടെ ആവശ്യങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ സംവിധാനവും ഒരുക്കി.
കേരളത്തിന്‍റെ കൊവിഡ് മരണ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. വാക്‌സിൻ വിതരണത്തിലും ദേശീയ ശരാശരിയെക്കാള്‍ കേരളം മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ തയ്യാറായിരുന്നുവെന്ന് വീണ ജോർജ്
കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ക്കായി പത്തുലക്ഷം ഡോസ് വാക്‌സിൻ വാങ്ങി നല്‍കുകയുണ്ടായി. ഈ മാതൃക പരിഗണിക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിപ്രായപ്പെട്ടു. രണ്ടാം തരംഗം വൈകിയാണുണ്ടായതെന്നും ഇതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടി കേരളം സ്വീകരിച്ചിരുന്നുവെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കൂടിക്കാഴ്‌ചയില്‍ വ്യക്തമാക്കി.
ആശുപത്രികളിലെത്തുന്ന എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം പ്രവര്‍ത്തിച്ചത്. ആശുപത്രികള്‍ക്ക് അമിത ഭാരം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. ഇതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതനുസരിച്ച് പരിശോധനകളും വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന കേരളം നടത്തുന്നുണ്ട്.
ഓണക്കാലത്ത് ജാഗ്രത വേണമെന്ന് കേന്ദ്രസംഘം
തദ്ദേശ സ്ഥാപനങ്ങളിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം കോണ്ടാക്ട് ട്രേസിംഗ് ഫലപ്രദമായി നടത്തുന്നു. ഇതുവരെ 2,32,397 പേര്‍ക്ക് ടെലിമെഡിസിന്‍ സഹായം ലഭ്യമാക്കി. പ്രായമായവര്‍ക്കും ഹൈ റിസ്‌ക്ക് വിഭാഗത്തിലുള്ളവര്‍ക്കും തുടക്കത്തില്‍ തന്നെ കൃത്യമായ മാനദണ്ഡം കേരളം നിശ്ചയിച്ചിരുന്നു.
കൊവിഡ് ജീനോം സീക്വന്‍സിങും സ്പൈക്ക് പ്രോട്ടീന്‍ സ്റ്റഡിയും കേരളം നടത്തുന്നുണ്ടെന്ന് മന്ത്രി കേന്ദ്രസംഘത്തെ അറിയിച്ചു. ഓണക്കാലത്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കി.
READ MORE: COVID 19 പ്രതിരോധത്തിന് കേരളത്തിന് കേന്ദ്രസഹായം ; 267.5 കോടി പ്രഖ്യാപിച്ച് മന്‍സുഖ് മാണ്ഡവ്യ