തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച രണ്ടാംഘട്ട ഉഭയ കക്ഷി ചര്‍ച്ചകള്‍ക്ക് ഇടതു മുന്നണിയില്‍ തുടക്കം. സി.പി.ഐയുമായാണ് ഇന്ന് സി.പി.എം ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍,കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കൂടുതല്‍ വായനയ്ക്ക്: മന്ത്രിസഭാ രൂപീകരണം: ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കി എല്‍.ഡി.എഫ്
നിലവില്‍ നാല് മന്ത്രിസ്ഥാനവും, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് സ്ഥാനങ്ങളാണ് സി.പി.ഐയ്ക്കുള്ളത്. ഇതില്‍ ചീഫ് വിപ്പ് സ്ഥാനം വിട്ടു നല്‍കാമെന്ന് ചര്‍ച്ചയില്‍ സി.പി.ഐ അറിയിച്ചു. എന്നാല്‍ റവന്യൂ, വനം, കൃഷി തുടങ്ങിയ പ്രധാന വകുപ്പുകള്‍ ഒന്നും വിട്ടു നല്‍കില്ല. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറല്ലെന്നാണ് സി.പി.ഐ നിലപാട്.
ഘടകകഷികളുമായി നേരത്തെ ഒന്നാം വട്ട ഉഭയകക്ഷി ചര്‍ച്ച സി.പി.എം പൂര്‍ത്തിയാക്കിരുന്നു. ഇതനുസരിച്ച് കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനം മാത്രമാണ് ഇതുവരെ ഉറപ്പു നല്‍കിയിട്ടുണള്ളത്. രണ്ട് മന്ത്രിസ്ഥാനമാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന് സി.പി.എം അറിയിച്ചിട്ടുണ്ട്. ചീഫ് വിപ്പ് സ്ഥാനം കൂടി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ചീഫ് വിപ്പ് സ്ഥാനം ഐ.എന്‍.എല്ലിന് നല്‍കുന്നതും പരിഗണനയിലുണ്ട്. ഒറ്റ എം.എല്‍.എമാരുള്ള ഘടകകക്ഷികളില്‍ കേരളകോണ്‍ഗ്രസ് ബിയില്‍ നിന്നും ഗണേഷ് കുമാർ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും ആന്‍റണി രാജു എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. എന്‍.സി.പി, ജെ.ഡി.എസ് എന്നീ കക്ഷികള്‍ക്ക് ഒരോ മന്ത്രിസ്ഥാനം ലഭിക്കും. എല്‍.ജെ.ഡിയ്ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ കഴിയില്ലെന്ന് സി.പി.എം അറിയിച്ചിട്ടുണ്ട്.
ഘടകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഞായറാഴ്ച വീണ്ടും നടക്കും. 17ന് ചേരുന്ന ഇടതു മുന്നണി യോഗത്തിന് മുന്‍പ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് അന്തിമ ധാരണയില്‍ എത്താനാണ് മുന്നണി നേതൃത്വത്തിന്റെ ശ്രമം. മെയ് 20-നാണ് രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിഞ്ജ ചടങ്ങ് നടക്കുക.