തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് മിനിമം ചാർജ് 10 രൂപയാക്കി വർധിപ്പിച്ചു. മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവച്ച് കൂടും. നേരത്തെ ഇത് 90 പൈസയായിരുന്നു. ചാര്‍ജ് വര്‍ധനയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം യോഗം തള്ളി.
ഓട്ടോ മിനിമം ചാർജ് 25ൽ നിന്ന് 30 രൂപയാക്കി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം. എന്നാൽ വിദ്യാര്‍ഥികളുടെ കണ്‍സെഷൻ നിരക്കിൽ മാറ്റമുണ്ടാകില്ല. കണ്‍സെഷൻ നിരക്ക് ഉയർത്തണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ ഗതാഗതമന്ത്രി ആന്‍റണി രാജു ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അറിയിച്ചു.
1500 സിസിയിൽ താഴെയുള്ള ടാക്‌സികൾക്ക് മിനിമം ചാർജ് 200 രൂപയാക്കി. 1500 സിസിയിൽ മുകളിലുള്ള ടാക്‌സികൾക്ക് അഞ്ച് കിലോമീറ്റർ വരെ 225 രൂപയാണ് മിനിമം ചാർജ്. പിന്നീട് ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. വെയ‌്റ്റിങ് ചാർജിൽ മാറ്റമില്ല.
ക്വാഡ്രിഡ് സൈക്കിളിന് ഒന്നര കിലോമീറ്റർ മിനിമം ചാർജ് 30 രൂപയായിരുന്നത് നിലവിൽ രണ്ട് കിലോമീറ്ററിന് 35 രൂപയാക്കി വർധിപ്പിച്ചു. അധികം വരുന്ന കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയാക്കുകയും ചെയ്തു. ഇന്ധന വിലവര്‍ധന കണക്കിലെടുത്താണ് നിരക്ക് വര്‍ധനവിന് അംഗീകാരം നല്‍കിയത്.
ALSO READ: തൊഴിലുറപ്പ് കൂലി വർധിപ്പിച്ചു; കേരളത്തില്‍ ദിവസക്കൂലി 311 രൂപയായി
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മുന്നണി തീരുമാനമുണ്ടാകാത്തതിനാലാണ് തീരുമാനം വൈകിയത്.