തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്‍റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തുന്നു. ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. എട്ടംഗ സംഘമാണ് തിരുവനന്തപുരം മരുതംകുഴിയിലുള്ള 'കോടിയേരി'യിൽ പരിശോധന നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനവും ബിനാമി ഇടപാടുകളും സംബന്ധിച്ച രേഖകൾക്കായാണ് പരിശോധന. അഞ്ചുകോടിയോളം രൂപയുടെ ഇടപാട് ബിനീഷ് നടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. വീട് പൂട്ടിയിട്ടിരിക്കുന്നതിനാല്‍ സംഘത്തിന് അകത്ത് കയറാനായിരുന്നില്ല. തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യയും അമ്മയും അച്ഛനും എത്തി വാതിൽ തുറന്നു നൽകിയതോടെയാണ് സംഘം അകത്ത് പ്രവേശിച്ചത്.
ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് ആറ് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ബിനീഷിന്‍റെ ബിനാമി എന്ന സംശയിക്കുന്ന വ്യവസായി അബ്‌ദുൾ ലത്തീഫിന്‍റെ വീട്ടിലും കാർ പാലസ് എന്ന സ്ഥാപനത്തിലും റെയ്‌ഡ് നടക്കുന്നുണ്ട്. കൂടാതെ ബിനീഷിൻ്റെ സുഹൃത്തായ അബ്ദുൽ ജബ്ബാറിനെ നെടുമങ്ങാട് അരുവിക്കരയിലുള്ള വീട്ടിലും പരിശോധന നടത്തുന്നുണ്ട്.
സിആര്‍പിഎഫിന്‍റേയും കര്‍ണാടക പൊലീസിന്‍റേയും കനത്ത സുരക്ഷയിലാണ് സംഘം ഇന്നലെ തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് മരുതംകുഴിയിലുള്ള വീട് ബിനീഷിന്‍റെ പേരിലാണ്. ഇവിടെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. മയക്കുമരുന്ന് കേസിൽ തുടർ വിവാദങ്ങൾ ഉയർന്നതോടെ കോടിയേരി ഇവിടെനിന്നും താമസം എകെജി സെന്‍ററിലെ ഫ്ലാറ്റിലേക്ക് മാറ്റിയിരുന്നു.