തിരുവനന്തപുരം: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ആന ചെരിയാനുള്ള കാരണവും ചികിത്സയിൽ പിഴവുണ്ടായോ എന്നതുമാണ് പരിശോധിക്കുന്നത്. ദേവസ്വം ബോർഡ് വിജിലൻസ് എസ്‌പി പി.ബിജോയിക്കാണ് അന്വേഷണ ചുമതല.
ആനയുടെ പരിചരണ കാര്യത്തിൽ പാപ്പാന്മാരായ പ്രദീപ്, അജീഷ് എന്നിവരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി. ബൈജുവിനെയും അന്വേഷണ വിധേയമായി തൽസ്ഥാനത്ത് നിന്ന് നീക്കി. ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ ഉണ്ടാകും.
കഴിഞ്ഞ ദിവസമാണ് ആണ് ആന ചെരിഞ്ഞത്. ചികിത്സാ പിഴവ് മൂലമാണ് ആന ചെരിഞ്ഞതെന്ന് ആരോപിച്ച് ഭക്തജനങ്ങൾ പ്രതിഷേധിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസുവിനെ ജനങ്ങള്‍ തടഞ്ഞുവയ്‌ക്കുകയും ചെയ്തിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്: ആന ചെരിഞ്ഞ സംഭവം: രണ്ട് പാപ്പാന്മാർക്ക് സസ്‌പെന്‍ഷന്‍