തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ ഏതാനും സംഘടനകൾ ഇന്ന് ബന്ദ് പ്രഖ്യാപിച്ചതായി സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണം ഉണ്ടായെങ്കിലും സംസ്ഥാനത്ത് ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. സംഘടനകളോ ഉദ്യോഗാർഥികളോ ഇക്കാര്യം പ്രഖ്യാപിക്കുകയോ സാമൂഹ്യമാധ്യമ പ്രചാരണം ശരിവയ്‌ക്കുകയോ ചെയ്‌തിട്ടില്ല. എങ്കിലും ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
ഇതനുസരിച്ച് പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പുറത്തിറക്കിയിരുന്നു. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയോടും ഇന്ന് മുഴുവന്‍ സമയവും സേവന സന്നദ്ധമായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Read more: അഗ്നിപഥ് പ്രതിഷേധം: ഭാരത് ബന്ദില്‍ പൊലീസിന് നിര്‍ദേശങ്ങളുമായി ഡിജിപി
ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റേഞ്ച് ഡിഐജിമാരും മേഖല ഐജിമാരും സുരക്ഷ ക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാന വിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും.
പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്‌ച രാത്രി മുതല്‍ തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്താനും കോടതികള്‍, വൈദ്യുതി ബോര്‍ഡ് ഓഫിസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.