തിരുവനന്തപുരം : അന്ന് തടിയനെന്ന കളിയാക്കൽ. ഇന്ന് സ്വന്തം പേര് ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ അടയാളപ്പെടുത്തി അംഗീകാര നിറവില്‍. തിരുവനന്തപുരം കാലടി സ്വദേശി ആദിത്യൻ അനിലാണ് കരാട്ടേയിലൂടെ തന്‍റെ സ്വപ്‌നങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത്. ഒരു മിനിട്ടിൽ 247 ഓടുകൾ സ്വന്തം ശരീരത്തിൽ അടിച്ചുടച്ചാണ് സെങ്സായി ആദിത്യൻ അനിൽ റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്.
2009 ലാണ് ആദിത്യൻ കരാട്ടെ മാസ്റ്റർ ജി.കെ പ്രദീപിന്‍റെ അടുത്ത് എത്തുന്നത്. ശരീരഭാരം കുറച്ച് ഫിറ്റ്നസ് നേടണം എന്ന് മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. എന്നാൽ അന്നുമുതല്‍ കരാട്ടെ എന്ന അഭ്യാസമുറയോട് കൂടുതൽ ഇഷ്ടം തോന്നി. പിന്നാലെ കരാട്ടെ ആദിത്യന് ഒരേസമയം തൊഴിലും സ്വപ്‌നവുമായി.
ALSO READ: ലോ ഫ്ലോർ ബസിൽ 'ടേക്ക് എ ബ്രേക്ക്' ; ബസിന്‍റെ മാതൃകയിൽ ഒരു വിശ്രമശാല
കരാട്ടെയിൽ കിട്ടാവുന്ന അത്രയും ഉയർന്ന പദവി നേടിയെടുക്കണമെന്നതാണ് ലക്ഷ്യം. മൗനിഷിറ്റോറിയോ രീതിയിലാണ് ഇപ്പോഴത്തെ പരിശീലനം. കൂടാതെ നിരവധി കുട്ടികളും ആദിത്യന് കീഴിൽ കരാട്ടെ അഭ്യസിച്ചുവരുന്നു.
പഴയ കാലത്തുനിന്ന് വ്യത്യസ്തമായി കരാട്ടെ കായിക ഇനം കൂടി ആയതോടെ പെൺകുട്ടികളുൾപ്പടെ മുന്നോട്ടുവരുന്നുണ്ട്. അഭ്യാസമുറകളുടെ പരിശീലനത്തിലൂടെ ശരീരത്തിനും മനസിനും ഒരുപോലെ കരുത്താര്‍ജിക്കാനാകുമെന്നാണ് ആദിത്യന്‍റെ അഭിപ്രായം.