തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് സി.പി.എം ആക്‌ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. കരാറുകാരുടെ ഇടപടെലുകള്‍ സംബന്ധിച്ച് മന്ത്രി വ്യക്തമാക്കിയത് പാര്‍ട്ടിയുടെ പൊതുനിലപാടാണെന്നും ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ നടക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.
മന്ത്രി വ്യക്തമാക്കിയത് പൊതുനിലപാടിന് സമാനമായ കാര്യമാണ്. സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണം മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവര്‍ത്തിക്കണം എന്നത് സംബന്ധിച്ച പൊതുനിര്‍ദ്ദേശങ്ങള്‍ സി.പി.എം നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്നായിരുന്നു നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശം. ഈ പ്രസ്താവനക്കെതിരെ നിയമസഭാകക്ഷി യോഗത്തില്‍ സിപിഎം എംഎല്‍എമാരില്‍ നിന്ന് രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.
ALSO READ : 'പറഞ്ഞത് ഇടത് നയം, ഖേദം പ്രകടിപ്പിച്ചിട്ടില്ല'; പ്രസ്‌താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്
അതേസമയം തന്‍റെ പ്രസ്താവനയില്‍ ഉറച്ച് നിൽക്കുന്നു എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് വ്യക്തമാക്കിയിരുന്നു. എം.എൽ.എമാരുടെ യോഗത്തിൽ ഖേദം പ്രകടിപ്പിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും മന്ത്രി പറഞ്ഞിരുന്നു.