പാലക്കാട് : വീണ്ടും കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി കഞ്ചിക്കോട്. പയറ്റുകാട്, മായംപള്ളം, കൊട്ടാമുട്ടി, ചെല്ലങ്കാവ്, വട്ടപ്പാറ, പന്നിമട തുടങ്ങിയ മേഖലയിലാണ് കാട്ടാന ശല്യം കൂടുതൽ. ചെല്ലങ്കാവിലും മായംപള്ളത്തും കൊയ്ത്തിന് പാകമായ 10 ഏക്കറിലേറെ നെൽകൃഷി ശനിയാഴ്‌ച ആന നശിപ്പിച്ചു. പി.ബി ഗിരീഷ്, മുരുകുണ്ണി,ചെന്താമര എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശം വിതച്ചത്.
മായപള്ളത്തെത്തിയ ഒറ്റയാൻ നെൽപ്പാടങ്ങൾ ചവിട്ടി മെതിച്ചു. പത്തോളം തെങ്ങുകൾ കുത്തി മറിച്ചിട്ട നിലയിലാണ്. മുരുകുണ്ണിയുടെ നെൽപ്പാടം തിങ്കളാഴ്‌ച കൊയ്യാനിരിക്കെയാണ് ആന നശിപ്പിച്ചത്. കൊയ്ത്തിനായി യന്ത്രവും ഇവിടെ എത്തിച്ചിരുന്നു. കാട്ടാന ശല്യം പതിവായതോടെ കൊയ്യാറായ നെൽപ്പാടങ്ങളിൽ രാത്രി കർഷകർ കാവൽ കിടക്കുകയാണ്.
Also read: കൗതുകവും അപകടവും നിറഞ്ഞ കൂവപ്പാറിയിലെ അനധികൃത ഗുഹ: സുരക്ഷയുമില്ല, മാനദണ്ഡവുമില്ല
വേനൽ കടുത്തതോടെ കാട്ടരുവികൾ വറ്റി, വനത്തിൽ ഭക്ഷണവും വെള്ളവുമില്ലാതായതോടെ ആനകൾ ജനവാസമേഖലയിൽ തമ്പടിച്ചെന്നാണ് കർഷകർ പറയുന്നത്. പകൽ സമയങ്ങളിൽ കാട്ടിലേക്ക് കയറുന്നുണ്ടെങ്കിലും രാത്രി ജനവാസമേഖല വിട്ടൊഴിയാൻ കൂട്ടാക്കുന്നില്ല. തീയിട്ടും പടക്കമെറിഞ്ഞും ആനയെ വിരട്ടുന്നുണ്ടെങ്കിലും ഭക്ഷണവും വെള്ളവും തേടി ഇവ വീണ്ടും കാട് ഇറങ്ങുകയാണ്.
സാധാരണ വേനലിൽ ഉൾവനങ്ങളിൽ വന്യ മൃഗങ്ങൾക്ക് വനംവകുപ്പ് കൃത്രിമ തടയണകൾ നിർമിക്കാറുണ്ടെങ്കിലും ഇക്കുറി ഇതിന് തുടക്കമിട്ടില്ല. ഇതിനാവശ്യമായ ഫണ്ട് ഉൾപ്പടെ ഇനിയും ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഇതോടെയാണ് ജനവാസ മേഖയിൽ വന്യമൃഗ ശല്യം പതിവായത്. കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് റേഞ്ച് ഓഫിസർ ആഷിക്ക് അലി അറിയിച്ചു.