പാലക്കാട്: ഒറ്റപ്പാലം സബ്ബ് കലക്ടര്‍ പുറമ്പോക്ക് ഭൂമിയാണെന്ന് ഉത്തരവ് ഇറക്കിയ സ്ഥലത്ത് തൃത്താല പഞ്ചായത്ത് റോഡ് നിർമിച്ച് നൽകിയതിൽ പ്രതിഷേധവുമായി ഭാരതപ്പുഴ സംരക്ഷണ സമിതി കൂട്ടായ്‌മ. കഴിഞ്ഞ പ്രളയത്തിൽ മണ്ണൊലിപ്പ് ഉണ്ടായ സ്ഥലത്താണ് റോഡ് നിർമിച്ചതെന്നും പൊതുമരാമത്ത് വകുപ്പ് കെട്ടിയ ജണ്ട പൊളിച്ച് നീക്കിയതിനാല്‍ വാഹനങ്ങൾ ഭാരതപ്പുഴയില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും ഇത് അനുവദിക്കരുതെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി കൂട്ടായ്‌മ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പട്ടാമ്പി പാലത്തിന് സമീപം തൃത്താല പഞ്ചായത്ത് അതിർത്തിയിലെ പുറമ്പോക്ക് സ്ഥലത്താണ് പഞ്ചായത്ത് അധികൃതര്‍ റോഡ് നിര്‍മിച്ചിരിക്കുന്നത്. പട്ടാമ്പിയിൽ ഭാരതപ്പുഴയുടെ തീരത്ത് ഉണ്ടായിരുന്ന പാത കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. തുടർന്ന് റവന്യു ഭൂരേഖ വിഭാഗം നടത്തിയ പരിശോധനയിൽ ഈ സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തുകയും ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് സബ് കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
ഈ ഭാഗത്തേക്കുള്ള വഴി അടച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഇവിടെ ജണ്ട കെട്ടിയിരുന്നു. എന്നാൽ പലപ്പോഴായി ഇവിടെ മണ്ണിട്ട് റോഡ് നിർമിച്ചതിനാല്‍ വാഹനങ്ങള്‍ പുഴയിലേക്ക് ഇറങ്ങി മാലിന്യം തള്ളുന്ന സാഹചര്യമുണ്ടെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി കൂട്ടായ്‌മ പ്രവർത്തകർ പറഞ്ഞു. പിഡബ്ല്യുഡിയിൽ നിന്നും ജണ്ട പൊളിക്കാനുള്ള അനുമതി വാങ്ങി തൃത്താല ഗ്രാമപഞ്ചായത്താണ് ജണ്ട പൊളിച്ച് റോഡിന്‍റെ ഉദ്ഘാടനം നടത്തിയതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പുഴയോരത്ത് താമസിക്കുന്ന ഒരു സ്വകാര്യ വ്യക്തിയുടെ ആവശ്യപ്രകാരമാണ് വഴി നിർമിക്കാൻ തൃത്താല ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്തതെന്നും എന്നാൽ പുഴയരികിലുള്ള ഒരു വീട്ടിലേക്ക് വഴി നൽകുന്നതിൽ ഭാരതപ്പുഴ സംരക്ഷണ സമിതിക്ക് ഏതിർപ്പില്ലെന്നും വാഹനങ്ങൾ പുഴയിലിറങ്ങുന്നത് അനുവദിക്കരുതെന്നാണ് ആവശ്യമെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സമിതിയുടെ നേതൃത്വത്തിൽ പുഴയിൽ പ്രതിഷേധവും നടന്നു. വിഷയത്തില്‍ ഒറ്റപ്പാലം സബ്ബ് കലക്ടറേയും മറ്റ് അധികാരികളെയും സമീപിക്കാനാണ് സമിതിയുടെ തീരുമാനം.