പാലക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നും വെള്ളമെത്താത്തതിനാൽ വല്ലപ്പുഴയിലെ 100 ഏക്കർ രണ്ടാം വിള നെൽ കൃഷി ഭീഷണി നേരിടുന്നു. ബദൽ സംവിധാനമില്ലാത്തതും തുലാം മഴ കനിയാത്തതും കർഷകർക്ക് ഇരുട്ടടിയായി. അണക്കെട്ടിൽ നിന്നും ഈ മാസം ആദ്യം തുറന്നുവിട്ട വെള്ളം ഇതുവരെയും ഈ പ്രദേശങ്ങളിലേക്ക് എത്തിയില്ല. ആദ്യം വെള്ളമെത്തുന്ന തൃക്കാരമണ്ണ ഭാഗത്തെ കനാലിലെ ഷട്ടർ തുറന്നാൽ വല്ലപ്പുഴയിലെ ചോലയിലും പാപ്പിനിതോട്ടിലും വെള്ളമെത്തും. ഇങ്ങനെ പാടശേഖരങ്ങളിൽ ജലസേചനം ഉറപ്പാക്കാനാകും.
എന്നാൽ ഡാമിലെ വെളളം ലഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കി. മോട്ടോറുകളും പൈപ്പുകളും വാടകയ്‌ക്കെടുത്ത് സ്വകാര്യ കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും പമ്പ് ചെയ്‌ത് കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. മോട്ടോർ വാടക 12 മണിക്കൂറിന് 600 രൂപയും പൈപ്പ് വാടക 250 രൂപയും വരുമെന്നാണ് കർഷകർ പറയുന്നത്. നെല്ല് കതിരാവാൻ പോകുന്ന സമയത്ത് കൃഷി നാശ ഭീഷണി വരുന്നത് കർഷകരെ ദുരിതത്തിലാക്കും.
കാഞ്ഞിരപ്പുഴയിൽ നിന്നും വെളളം എത്തിക്കാൻ കനാലിൽ തടസങ്ങൾ ഏറെയുണ്ട്. ഈ തടസങ്ങൾ പൂർണമായി പരിഹരിച്ചാൽ മാത്രമേ വല്ലപ്പുഴയിലും വെള്ളമെത്തുകയുള്ളു. കഴിഞ്ഞ മാസം കാഞ്ഞിരപ്പുഴയിലെ വെള്ളം തുറന്ന് വിട്ടെങ്കിലും തെക്കുംപുറത്ത് കനാലിന് വൻ ചോർച്ചയായതിനാൽ വെള്ളം ലഭിച്ചില്ല.