പാലക്കാട് : ശ്രീനിവാസന്‍ കൊലക്കേസില്‍ അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ ജിഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സഞ്ജിത് കൊലക്കേസിലും ജിഷാദിന് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.
ഇതിനുശേഷമാകും സഞ്ജിത് കൊലക്കേസിലെ അറസ്റ്റ് രേഖപ്പെടുത്തുക. ശ്രീനിവാസന്‍, സഞ്ജിത് കൊലക്കേസുകളില്‍ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ച് കൊലയാളികള്‍ക്ക് കൈമാറുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തല്‍. ജിഷാദുമായി പൊലീസ് ബുധനാഴ്‌ച തെളിവെടുപ്പ് നടത്തി.
Read more: ശ്രീനിവാസന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ജിഷാദിനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. കോങ്ങാട് ഫയര്‍ഫോഴ്‌സ് സേന യൂണിറ്റിലെ ജീവനക്കാരനായ ജിഷാദ്, യൂണിറ്റിലെ ഫയര്‍മാന്‍ അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ്. 2017ലാണ് സര്‍വീസില്‍ കയറുന്നത്.
14 വര്‍ഷമായി ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. അതേസമയം, സഞ്ജിത് കൊലക്കേസില്‍ അറസ്റ്റിലായ ബാവയെ പൊലീസ് മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. സൂത്രധാരരില്‍ ഒരാളാണ് ആലത്തൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളിലെ അധ്യാപകനായിരുന്ന ബാവ.