പാലക്കാട്: ഭാരതപ്പുഴ മലിനമാകുന്നത് തടയാൻ കർശന നടപടിയുമായി പട്ടാമ്പി നഗരസഭ. പുഴയിലെ നീരൊഴുക്ക് നിലച്ചതും വരാനിരിക്കുന്ന കുടിവെള്ള ക്ഷാമവും മുന്നിൽ കണ്ടാണ് നടപടി. ഇതിന്‍റെ ഭാഗമായി പുഴയോരങ്ങളിലും കടവുകളിലും പുഴയിലേക്കിറങ്ങുന്ന ഭാഗങ്ങൾ കമ്പിവേലി ഉപയോഗിച്ച് അടക്കാൻ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പ്രദേശത്തെ പുഴയോരത്തും കമ്പിവേലി കെട്ടുന്നതാണ്. പുഴ മലിനമാക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനും തീരുമാനമായി.
ഒഴുക്ക് നിലച്ച സമയത്ത് വള്ളം ഉപയോഗിച്ചുള്ള മീൻപിടിത്തവും നിരോധിച്ചിട്ടുണ്ട്. അത്തരത്തിൽ മീൻ പിടിക്കുന്നതോ വലകൾ വിരിച്ചതോ ശ്രദ്ധയിൽപ്പെട്ടാൽ അവ കണ്ടുകെട്ടി നശിപ്പിക്കുകയും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. നാൽകാലികളെ പുഴയിലേക്ക് വിഹരിക്കാൻ വിടുന്നത് വെള്ളം മലിനമാകാൻ കാരണമാകും. അതിനാൽ അവയെ കണ്ടുകിട്ടിയാൽ നഗരസഭ ലേലം ചെയ്യും. ഉടമസ്ഥർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യുമെന്ന് നഗരസഭ ചെയർമാൻ കെഎസ്‌ബിഎ തങ്ങൾ പറഞ്ഞു.