പാലക്കാട്: വാഹനാപകടം തുടർക്കഥയായി പാലക്കാട്- കുളപ്പുള്ളി റോഡ്. ദിനംപ്രതി ഒന്നിലധികം ചെറുതും വലുതുമായ അപകടം ഈ റൂട്ടിൽ പതിവാകുകയാണ്. പറളി ചന്തപ്പുരയില്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റതാണ് അവസാന അപകടം സംഭവിച്ചത്.
പാലക്കാട് മുതൽ കുളപ്പുള്ളി വരെ 45 കിലോമീറ്ററിൽ മികച്ച റോഡാണുള്ളത്. എന്നാൽ നിരപ്പായ റോഡിൽ രാത്രിയിൽ തെരുവുവിളക്കില്ല. ഹെഡ്‌ലൈറ്റ് ‘ഡിം’ ചെയ്‌തില്ലെങ്കിൽ എതിരെ വരുന്ന വാഹനം നിയന്ത്രണം വിടും. ചരക്കുലോറികളും ബസും ഉൾപ്പെടെയുളള വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതുവഴി കടന്നുപോകുക.
അമിതവേഗതയാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. സുരക്ഷ ക്യാമറകളിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ഓടുന്ന വാഹനങ്ങൾ ദിവസവും പതിയുന്നുണ്ട്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 49 ജീവനുകളാണ് പ്രദേശത്ത് പൊലിഞ്ഞത്. മേപ്പറമ്പ്, എടത്തറ, പറളി, വെള്ളറോഡ്, പത്തിരിപ്പാല, വാണിയംകുളം എന്നിവിടങ്ങളിലാണ് അപകടം കൂടുതൽ സംഭവിക്കുന്നത്.