പാലക്കാട്: പ്രളയത്തില്‍ തകര്‍ന്ന വില്ലൂന്നി പാലം പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ലാതായതോടെ വരട്ടയാറിന് കുറുകെ താല്‍കാലിക പാലം നിര്‍മിച്ച് കര്‍ഷകര്‍. 2018 ലെ പ്രളയത്തിലാണ് പാലക്കാട് അതിർത്തി ഗ്രാമമായ എരുത്തേമ്പതിയിലെ വില്ലൂന്നി പാലം തകര്‍ന്നത്. രണ്ടു വർഷം പിന്നിട്ടിട്ടും നടപടി ഇല്ലാത്തതോടെയാണ് താല്‍കാലിക പാലം നിര്‍മിക്കാന്‍ കര്‍ഷകരും നാട്ടുകാരും രംഗത്തെത്തിയത്. ഇതിനിടെ 2020-21ലെ ബജറ്റിൽ വില്ലൂന്നി പാലത്തിനായി സർക്കാർ നീക്കിവെച്ചത് വെറും 100 രൂപയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
വില്ലൂന്നിയിലെ ഇരുപതോളം കർഷകരാണ് വരട്ടയാറിനു കുറുകെയുള്ള ഈ പാലത്തെ ആശ്രയിച്ചിരുന്നത്. ഇവർക്ക് കാർഷികവിളകൾ ചന്തകളില്‍ എത്തിക്കാനുള്ള ഒരേയൊരു മാർഗം കൂടിയായിരുന്നു ഈ പാലം. മഴ ശക്തമായാൽ പുഴയിൽ വെള്ളം കയറും. പിന്നെ പച്ചക്കറിയും പാലുമെല്ലാം തൊട്ടടുത്തെ കൊഴിഞ്ഞാമ്പാറയിലെയും വേലന്താവളത്തെയും ചന്തകളിലെത്തിക്കാൻ തമിഴ്‌നാട്ടിലൂടെ ചുറ്റിത്തിരിഞ്ഞ് 25 കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ടതുണ്ട്. എന്നാൽ കൊവിഡ് ഭീതിയുള്ളതിനാൽ ഇപ്പോൾ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാനും സാധിക്കില്ല.