പാലക്കാട് : സ്‌കൂളിലെത്തി മെഷീനിൽ വിരൽ തൊട്ടാൽ രജിസ്‌റ്ററിൽ ഹാജർ രേഖപ്പെടുത്തുന്നതോടൊപ്പം രക്ഷിതാക്കളുടെ മൊബൈലിൽ സന്ദേശമെത്തും. കുട്ടികൾ സ്‌കൂളിൽ എത്തിയെന്ന് രക്ഷിതാക്കൾക്ക് ഉറപ്പുമാകും. ചിറ്റൂർ ഗവ.വിക്‌ടോറിയ ഗേൾസ് ഹയർ സെക്കൻറി സ്‌കൂളിലാണ് നൂതനമായ ഈ സംവിധാനം സജ്ജമായിരിക്കുന്നത്.
സംസ്ഥാനത്ത് ഹൈസ്‌കൂൾ തലത്തിൽ ആദ്യത്തെ സ്റ്റാര്‍ട്ട് അപ്പായി സ്‌കൂളിലെ വിദ്യാർഥിനികളാണ് ഡിജിറ്റൽ അറ്റന്‍റൻസ് മെഷീൻ തയ്യാറാക്കിയത്. നൂറ്റാണ്ട് പഴക്കമുള്ള പെൺവിദ്യാലയം സാങ്കേതിക വിദ്യയിലും പുതുചരിത്രം രചിക്കുകയാണ്. വിദ്യാലയത്തിലെ എടിഎൽ ലാബിൽ വികസിപ്പിച്ച ഡിജിറ്റൽ അറ്റന്‍റൻസ് മെഷീൻ സംസ്ഥാനത്തെ മറ്റ് സ്‌കൂളുകളിലും സ്ഥാപിച്ചുനൽകാനുള്ള തയ്യാറെടുപ്പിലാണിവർ.
വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതി ലഭിച്ചാൽ വിക്ടോറിയൻ മേന്മ സംസ്ഥാനത്താകെയെത്തും. പഠനത്തോടൊപ്പം ജോലി എന്ന സർക്കാരിന്‍റെ ആശയത്തിലൂന്നിയാണ് കണ്ടുപിടിത്തം. കുട്ടികൾ സ്‌കൂളിൽ എത്തുന്ന സമയവും ഇറങ്ങുന്ന സമയവും രക്ഷിതാക്കൾക്ക് കൃത്യമായി അറിയാമെന്നതാണ് ഈ മെഷീന്‍റെ പ്രധാന ആകർഷണം.
പരീക്ഷണാടിസ്ഥാനത്തിൽ സ്‌കൂളിൽ സ്ഥാപിച്ച മെഷീന്‍റെ പ്രവർത്തനം വിജയകരമായിരുന്നു. വിദ്യാർഥികളിലെ ശാസ്ത്ര സാങ്കേതിക അഭിരുചി പ്രോത്സാസാഹിപ്പിക്കുന്നതിനായി 2018 ലാണ് അടൽ ടിങ്കറിങ് ലാബ് (എടിഎൽ) സ്ഥാപിച്ചത്. സയൻസ്, ടെക്നോളജി, മാത്തമാറ്റിക്‌സ്, എൻജിനിയറിങ് എന്നിവ സംയോജിപ്പിച്ചുള്ള പഠനമാണ് നടക്കുന്നത്.
പ്രാക്‌ടിക്കലിലൂടെ തിയറി മനസിലാക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. അഞ്ചുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർഥിനികളിൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ താൽപ്പര്യമുള്ളവരെ തെരഞ്ഞെടുത്താണ് പരിശീലനം നൽകുന്നത്. നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന റോബോട്ട് ഉൾപ്പടെ നിരവധി സംവിധാനങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്.