മലപ്പുറം: സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ ഭാര്യ സഹോദരന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് കുഞ്ഞീതീന്‍റെ മകൻ ജാഫർ ഖാൻ (39) നാണ് മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ അഞ്ചരയോടെ മക്കരപറമ്പ അമ്പലപ്പടി വറ്റലൂർ റോഡിലെ ആറങ്ങോട്ട് ചെറുപുഴയോട് ചേർന്നുള്ള പാലത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്.
ജാഫർ മഞ്ചേരിയിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ എതിരെ ഇന്നോവയിൽ എത്തിയ റഹൂഫ് പാലത്തിൽ തടഞ്ഞിട്ട് കൊടുവാളുകൊണ്ട് ജാഫറിനെ വെട്ടുകയായിരുന്നു. ഭാര്യയുടെ സഹോദരനും നിരവധി കേസുകളിൽ പ്രതിയുമായിട്ടുള്ള കോഡൂർ കരീപറമ്പ് റോഡിലെ തോരപ്പ അബ്ദുറഹൂഫ് (41) പൊലീസ് നിരീക്ഷണത്തിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജാഫറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വർഷങ്ങളായി ഇരുവരും ചേർന്ന് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.
ALSO READ: Omicron Third Wave?: മൂന്നാം തരംഗമുണ്ടാകുമോ? ഒമിക്രോണിലെ പ്രധാന സംശയങ്ങളും ഉത്തരങ്ങളും