മലപ്പുറം: കോട്ടക്കലില്‍ കൊതിയൂറും വിഭവങ്ങളുമായി ആരംഭിച്ച ഉമ്മാന്‍റെ വടക്കിനി ഭക്ഷ്യമേള ഭക്ഷണപ്രിയരുടെ പറുദീസയായി. നാല് ദിവസങ്ങളിലായി ദേശീയപാത ചങ്കുവെട്ടിയിലാണ് കോട്ടക്കല്‍ നഗരസഭ, കുടുംബശ്രീ മിഷന്‍, ദേശീയ നഗര ഉപജീവന ദൗത്യം എന്നിവ സംയുക്തമായി ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ വരുമാനമാര്‍ഗ്ഗമാണ് മേളയുടെ ലക്ഷ്യം. പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വിവിധ കലാപരിപാടികളോടെ ഇരുപതോളം സ്റ്റാളുകളിലാണ് ഭക്ഷ്യമേള.
മലബാര്‍ വിഭവങ്ങള്‍, കരിഞ്ചീരക കോഴി, ചിക്കന്‍ പൊട്ടിത്തെറിച്ചത്, മലബാര്‍ ദം ബിരിയാണി, ഈന്തുപിടിയും ഇറച്ചിയും, ബീറ്റ്റൂട്ട് ചിക്കന്‍, കിഴി പൊറാട്ട, കിളിക്കൂട് തുടങ്ങിയ ഭക്ഷണപലഹാരങ്ങള്‍ വീട്ടിലുണ്ടാക്കിയ നാടന്‍ വിഭവങ്ങള്‍ എന്നിവ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ പത്തുമണി മുതല്‍ രാത്രി പത്തുമണിവരെയാണ് മേള.
.