മലപ്പുറം: നിലമ്പൂരിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിയമിച്ച ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി. നിലമ്പൂര്‍ വെളിയംതോട് ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ സജീകരിച്ച കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രമാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയത്. 13 ഡോക്ടര്‍മാര്‍, 30 സ്റ്റാഫ് നഴ്‌സുമാര്‍, 30 ശുചീകരണ തൊഴിലാളികള്‍ എന്നിവരെയാണ് നിലമ്പൂരിലെ ചികിത്സാ കേന്ദ്രത്തിലേക്ക് നിയമിക്കുന്നത്. പരിശീലന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ഷേര്‍ലി മോള്‍ അധ്യക്ഷതവഹിച്ചു. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു, ഡോ. പ്രവീണ, ഹെഡ് നേഴ്‌സ് സുജാത എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പി.വി അന്‍വര്‍ എം.എല്‍.എയും സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ ഇവിടെയെത്തിയിരുന്നു. പരിശീലന പരിപാടിയില്‍ അദ്ദേഹം പ്രസംഗിച്ചു. കൊവിഡ് വ്യാപനത്തെ ഭയത്തോടെ കാണേണ്ട അവസ്ഥയാണെന്നും ഭയമുണ്ടെങ്കിലേ ജാഗ്രതയുണ്ടാവുവെന്നും എം.എല്‍.എ പറഞ്ഞു. 300 കട്ടിലുകളാണ് ഇവിടെ ക്രമീകരിക്കുന്നത്. ബുധനാഴ്‌ച മുതല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങും. എക്‌സ്‌റേ ലാബ്, ഇസിജി തുടങ്ങിയ എല്ലാവിധ സജീകരണങ്ങളും ഇവിടെ ഒരുക്കും.