മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇനിയും 11 പേരെയാണ് കണ്ടെത്താനുള്ളത്. ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കവളപ്പാറയില്‍ മഴ പെയ്യാത്തത് തിരച്ചിലിന് സഹായകമാകുന്നുണ്ട്.
കവളപ്പാറയിൽ നേരത്തെ ഉണ്ടായിരുന്ന തോട് ഗതിമാറ്റി വിട്ടിരുന്നു. ഈ സ്ഥലത്താണ് ഇപ്പോൾ പ്രധാനമായും തിരച്ചില്‍ നടക്കുന്നത്. ഇന്നലെ ഇവിടെ നിന്നും ചില ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മണ്ണെടുക്കുന്ന ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്തെ വെള്ളം നീക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കവളപ്പാറയിലും കോട്ടക്കുന്നിലും ജിയോളജി സംഘം ഇന്ന് നേരിട്ടെത്തി പരിശോധന നടത്തും. സമീപവാസികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്ളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാപ്പ് അനുസരിച്ചാണ് നിലവില്‍ തിരച്ചില്‍ തുടരുന്നത്.