മലപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ നിന്ന് ഭാരതപുഴയിലേക്ക് ചാടിയ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ വൈകുന്നേരത്തോടെ നിര്‍ത്തിവച്ചു. തെരച്ചില്‍ നാളെ പുനരാരംഭിക്കും. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഇയാൾ കുറ്റിപ്പുറം മിനി പമ്പ ഭാഗത്തു നിന്നുമുള്ള ഒമ്പതാമത്തെ ആർച്ചിന്‍റെ ഭാഗത്ത് നിന്നും പുഴയിൽ ചാടിയത്.
പാലത്തിന്‍റെ ജോയന്‍റ് ഷാഫ്റ്റുകൾക്ക് ഗ്രീസ് ഇടുന്ന ജോലിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് ഇയാൾ പുഴയിൽ ചാടുന്നത് കണ്ടത്. കാവി മുണ്ടും വെള്ള നിറത്തിലുള്ള ഷർട്ടും ധരിച്ച ഇയാൾ ഏറെ ദൂരം നിശ്ചലമായി ഒഴുകി പോകുന്നതും ഇവർ കണ്ടിരുന്നു. ഉടൻ തന്നെ മിനി പമ്പയിലെ സുരക്ഷാ ഗാർഡുകളെ വിവരം അറിയിച്ചു. തുടർന്ന് സുരക്ഷാ ഗാർഡുകൾ പരിശോധനക്കിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുറ്റിപ്പുറം പൊലീസിന്‍റെ നിർദേശപ്രകാരം പൊന്നാനിയിൽ നിന്നും തിരൂരിൽ നിന്നും ഫയർഫോഴ്‌സും സംഘവും പരിശോധന നടത്താൻ ഇറങ്ങിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പുഴയിൽ ജലവിതാനം കൂടിയതും കുത്തൊഴുക്കുള്ളതും തെരച്ചിലിനെ കാര്യമായി ബാധിക്കുന്നുണ്ട്.