മലപ്പുറം: മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പതിനഞ്ചുകാരന് മിനിറ്റുകളുടെ ഇടവേളയിൽ മൂന്ന് തവണ കൊവിഡ് വാക്‌സിന്‍ കുത്തിവച്ചതായി പരാതി. ആദ്യം കുത്തിവയ്പ്പ് എടുത്തതിന് ശേഷം സിറിഞ്ച് മാറ്റിയതിന് ശേഷം വീണ്ടും കുത്തിവയ്ക്കുകയായിരുന്നു. കുറ്റിപ്പുറം മുടാൽ എം.എം സ്‌കൂളിൽ പഠിയ്ക്കുന്ന വരിക്കൽ പുലാക്കൽ മജ്‌നു ജവാദിന്‍റെ മകൻ ജാസിൻ ജവാദിനാണ് ദുരനുഭവമുണ്ടായത്.
കുട്ടികളുടെ വാക്‌സിനെടുക്കുന്നതിന് വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു വിദ്യാർഥി. ആദ്യം കുത്തിവയ്പ്പ് എടുത്തതിന് ശേഷം സിറിഞ്ച് മാറ്റിയതിനുശേഷം വീണ്ടും കുത്തിവയ്‌പ്പ് എടുത്തു. മൂന്നാം തവണ കുത്തിവയ്പ്പ് എടുക്കുന്നത് കണ്ട മറ്റൊരു വിദ്യാർഥി ഇക്കാര്യം ആരോഗ്യ പ്രവർത്തകയുടെ ശ്രദ്ധയിൽപ്പെടുത്തി.
എന്നാൽ അത് കുഴപ്പമില്ലെന്ന് പറഞ്ഞ് ആരോഗ്യ പ്രവർത്തക കുട്ടിയെ പറഞ്ഞയയ്ക്കുകയായിരുന്നു. പിന്നീട് വിദ്യാർഥി വീട്ടിലെത്തി ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മൂന്ന് തവണ കുത്തിവച്ചതിന്‍റെ അടയാളം കണ്ടത്. തുടർന്ന് കുട്ടിയുമായി താലൂക്ക് ആശുപത്രിയിൽ എത്തി മെഡിക്കൽ ഓഫിസറോട് ഇക്കാര്യം പറഞ്ഞെങ്കിലും നിഷേധിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
ഒടുവില്‍ വിദ്യാർഥിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂർ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചു. മാസങ്ങൾക്ക് മുൻപ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്നും വാക്‌സിനെടുത്ത ശേഷം അലർജിയെ തുടർന്ന് കുത്തിവയ്പ്പ് എടുത്ത അസ്‌ന എന്ന യുവതി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ പരാതി ഉയരുന്നത്.
Also read: ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസ്: അച്ഛനെതിരെയും മുത്തശ്ശിക്കെതിരെയും കേസെടുത്തു