മലപ്പുറം : കീഴുപറമ്പ് പഴംപറമ്പിൽ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ ആന തുമ്പിക്കൈയിലെടുത്ത് ആക്രമിക്കാനാഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ഉടമ. ആനയെ തളച്ചിട്ട സ്ഥലത്തെത്തി പഴത്തൊലിയും തേങ്ങ ചകിരിയും ഉള്‍പ്പടെ നല്‍കി ആളുകള്‍ മുന്‍പ് കബളിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെ കരുതിയാകാം കുട്ടിയെ ആന ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് ഉടമ കൊളക്കാടൻ നാസർ പറഞ്ഞു. അക്രമകാരിയല്ലാത്ത ആനയാണ് 'കൊളക്കാടൻ മിനി'യെന്നും അദ്ദേഹം പറഞ്ഞു.
കീഴുപറമ്പ് പഴംപറമ്പിൽ തളച്ചിട്ട ആനക്ക് തേങ്ങയുമായി പിതാവിനൊപ്പമെത്തിയ കുട്ടിയെ ആന ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുട്ടി ആനയ്‌ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ആന തുമ്പിക്കൈ ഉപയോഗിച്ച് കുഞ്ഞിനെ പിടിക്കുകയായിരുന്നു.
ഉടൻ തന്നെ പിതാവ് കുട്ടിയെ വലിച്ചുമാറ്റിയതുകൊണ്ടാണ് ദുരന്തം ഒഴിവായത്. പിതാവ് ആനയ്‌ക്ക് ഭക്ഷണം നല്‍കുന്നത് കണ്ടാണ് കുട്ടി നിര്‍ബന്ധം പിടിച്ച് ആനയ്‌ക്ക് ആഹാരം കൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്കും വലിയ പരിക്കുകളുണ്ടായിരുന്നില്ല.
ആക്രമണത്തിൽ ആനയുടെ സമീപത്തെത്തിയ പിതാവും മകനും ജീവനും കൊണ്ട് അത്ഭുതകരമാണ് രക്ഷപ്പെട്ടത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വനപാലകർ സംഭവസ്ഥലത്തെത്തി ആനയുടമയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തിരുന്നു.