മലപ്പുറം : ഒരു എഫോർ ഷീറ്റില്‍ 6,317 വാക്കുകൾ എഴുതി റെക്കോഡിട്ട് മലപ്പുറം സ്വദേശി മുത്വിഹുൽ ഹഖ്. ലെൻസ് ഉപയോഗിച്ച് പോലും കാണാൻ പ്രയാസമുള്ള 36,580 നാനോ അക്ഷരങ്ങളാണ് കൽപകഞ്ചേരി സ്വദേശിയായ ഈ കോളജ് അധ്യാപകൻ ഒരു എഫോർ ഷീറ്റില്‍ നിറച്ചത്.
രാജ്യത്തിന്‍റെ 11ാമത് രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാമിന്‍റെ ആത്മകഥയായ 'അഗ്നിച്ചിറകുകൾ' എന്ന കൃതിയുടെ ആദ്യ ഭാഗങ്ങളാണ് എഴുതിയത്. ഈ ശ്രമം മുത്വിഹുൽ ഹഖിന് ഇന്ത്യൻ ബുക്ക് ഓഫ് റോക്കോഡ്‌സിൽ ഇടം നേടിക്കൊടുത്തു. ഈ വിഭാഗത്തിൽ റെക്കോഡിടുന്ന ആദ്യ ഇന്ത്യക്കാരനുമായി ഈ അധ്യാപകന്‍.
കൊവിഡ് പോസിറ്റീവായി ക്വാറന്‍റൈനിലായിരുന്ന സമയത്ത് തോന്നിയ ബുദ്ധിയാണ് റെക്കോര്‍ഡിലെത്തിച്ചതെന്ന് മുത്വിഹുല്‍ പറയുന്നു. ഒരുപാട് ചിന്തകൾക്ക് ശേഷം ഒരു എഫോർ ഷീറ്റ് പേപ്പറിൽ പരമാവധി അക്ഷരങ്ങൾ എഴുതി ചേർക്കാൻ തീരുമാനിച്ചു. നാനോ അക്ഷരം എഴുകാൻ കഴിയുന്ന പേന സംഘടിപ്പിക്കുകയും കലാമിന്‍റെ ആത്മകഥ പകര്‍ത്തുകയും ചെയ്‌തു.
Also read: മോഹം, കഠിനധ്വാനം ഒടുവില്‍ വിമാനം; ചെറു ഗ്ലൈഡര്‍ നിര്‍മിച്ച് അരീക്കോട് സ്വദേശി
മുത്വിഹുൽ ഹഖ് ഏഴ് മണിക്കൂർ എടുത്താണ് ഒരു എഫോർ പേജ് മുഴുവൻ പൂർത്തിയാക്കിയത്. ഇത്തരത്തിൽ എഴുതുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും സഹോദരൻ പകർത്തി. അത് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്‌സ് അധികൃതർക്ക് അയച്ചുനൽകി. അവര്‍ അത് വിലയിരുത്തുകയും റെക്കോര്‍ഡ് പ്രകടനമായി അംഗീകരിക്കുകയുമായിരുന്നു.
കന്യാകുമാരി നൂറുൽ ഇസ്ലാം സർവകലാശാലയിൽ നിന്നും എം.ബി.എ പഠനം പൂർത്തിയാക്കിയ മുത്വിഹുൽ ഹഖ് കൽപകഞ്ചേരി വളവന്നൂർ ബാഫഖി യതീംഖാന ആർട്‌സ് ആന്‍റ് സയൻസ് വുമൺസ് കോളജിലെ കൊമേഴ്‌സ് വിഭാഗം അധ്യാപകനാണ്.