മലപ്പുറം: അരീക്കോട് സ്‌കൂളിലെ സ്വാതന്ത്ര്യദിന ഘോഷയാത്രയില്‍ വി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്‌കൂളിൽ തിങ്കളാഴ്‌ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താനുള്ള ശ്രമം നടന്നതായി പരാതി ഉയര്‍ന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച വിദ്യാര്‍ഥികളുടെ ഇടയില്‍ സവര്‍ക്കറുടെ വേഷം ധരിച്ച വിദ്യാര്‍ഥി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് 75 സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താനായിരുന്നു സ്‌കൂള്‍ പിടിഎയുടെ തീരുമാനം. ഇതിനായി സ്‌കൂളിലെ ഒരു അധ്യാപികയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഈ പട്ടികയിലാണ് വി.ഡി സവർക്കറെയും ഉൾപ്പെടുത്തിയത്.
ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യം സ്‌കൂളിലെ അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സവർക്കറുടെ വേഷം ധരിച്ച വിദ്യാർഥിയെ ഗ്രീൻ റൂമിൽ എത്തിച്ച് കുട്ടിയുടെ വേഷത്തിന് മുകളിലുണ്ടായിരുന്ന സവർക്കർ എന്നെഴുതിയ പേപ്പര്‍ എടുത്ത് മാറ്റി. സവർക്കറുടെ വേഷവിധാനത്തിലുള്ള വിദ്യാര്‍ഥിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.
പ്രതിഷേധ മാര്‍ച്ച് നടത്തി യൂത്ത് ലീഗ്: ഇതിന് പിന്നാലെ യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ക്ക് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കീഴുപറമ്പ് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
അതേസമയം, ഘോഷയാത്രയില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ 75 സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ സവർക്കറെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം സവർക്കറെ ഉൾപ്പെടുത്താൻ സ്‌കൂള്‍ അധികൃതർ ശ്രമിച്ചിട്ടില്ല. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി സവര്‍ക്കറുടെ പേരെഴുതിയ പേപ്പര്‍ അഴിച്ചുമാറ്റിയിരുന്നുവെന്നും സംഭവത്തില്‍ ഉത്തരവാദിത്വമുള്ള അധ്യാപികയുടെ വിശദീകരണം തേടിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതർ വ്യക്തമാക്കി.
Also read: നെഹ്‌റു ഇല്ലാതെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക; കർണാടക സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം