മലപ്പുറം : മാപ്പിളപ്പാട്ട് ഗായകനും കവിയുമായ വിഎം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മാപ്പിളപ്പാട്ടിൽ പുതിയ പരീക്ഷണങ്ങൾ അവതരിപ്പിച്ച് ജനകീയമാക്കിയ കലാകാരനാണ് വിഎം കുട്ടി. ഏഴ് സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്.
1954ൽ ഇരുപതാം വയസില്‍ ആകാശവാണിയിലൂടെയായിരുന്നു അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ആറ് പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി നിലകൊണ്ടു. കേരളത്തിൽ സ്വന്തമായി മാപ്പിളപ്പാട്ടിനായി ഒരു ഗാനമേള ട്രൂപ്പ് ആദ്യമായി ഉണ്ടാക്കുന്നതും വി.എം കുട്ടിയാണ്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചും ശ്രദ്ധനേടി
ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്ക് സമീപമുള്ള പുളിക്കലിൽ 1935ൽ ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്‌കൂളിൽ പ്രധാന അധ്യാപകനായി ചേർന്നു. 1985ൽ അധ്യാപന രംഗത്ത് നിന്ന് വിരമിച്ച അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി. ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നിലും മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ച് അദ്ദേഹം ജനശ്രദ്ധ നേടി.
ചെറുപ്പം മുതൽ ചിത്രരചന, അഭിനയം, ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു. പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ നിന്നാണ് മാപ്പിളപ്പാട്ടുമായി ചങ്ങാത്തത്തിലാകുന്നത്. ആകാശവാണിയിലൂടെയുള്ള ചുവടുവയ്‌പ്പിന് ശേഷം മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി.
ഗായകൻ, കവി, അഭിനേതാവ്...
1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവയ്ക്ക് വേണ്ടി നിരവധി ഗാനങ്ങൾ പാടി. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി.എം.കുട്ടിക്ക് പാണ്ഡിത്യമുണ്ട്. കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു.
മൂന്ന് സിനിമകൾക്കായി ഒപ്പന സംവിധാനം ചെയ്‌തതിനൊപ്പം മൈലാഞ്ചി, പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, മാർക്ക് ആന്‍റണി എന്നീ ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. ഉൽപ്പത്തി, പതിനാലാംരാവ്, പരദേശി തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മാപ്പിളപ്പാട്ടിന്‍റെ ലോകം, ബഷീർ മാല, ഭക്തി ഗീതങ്ങൾ, മാനവമൈത്രി ഗാനങ്ങൾ, കുരുതിക്കുഞ്ഞ് എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികൾ.
കേരള സാഹിത്യ നാടക അക്കാദമി അംഗമായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ-അറബ് കള്‍ച്ചറല്‍ സൊസൈറ്റി രക്ഷാധികാരി തുടങ്ങി നിരവധി സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.
ALSO READ: പൂജപ്പുരയിൽ മരുമകന്‍റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു