മലപ്പുറം: സ്വന്തമായി ഒരു വിമാനം നിര്‍മിക്കുക. അഞ്ച് വര്‍ഷം മുന്‍പ് അരീക്കോട് ചെമ്പാപറമ്പ് സ്വദേശി കുഴിയെങ്ങൽ യഹിയ തന്‍റെ മനസിലെ മോഹം പറയുമ്പോള്‍ കേട്ടവരാരും അത് വിശ്വസിച്ചിട്ടുണ്ടാകില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അരീക്കോടുകാരെ സാക്ഷിയാക്കി ചെമ്പാപറമ്പ് ഗ്രൗണ്ടിലേക്ക് യഹിയ വിമാനവുമായി എത്തി.
അഞ്ച് വര്‍ഷത്തെ കഠിനധ്വാനം
മോഹം തോന്നി വിമാനം നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങുമ്പോഴും അത് എങ്ങനെ ഉണ്ടാക്കുമെന്നതിനെ കുറിച്ച് കാര്യമായ പഠനങ്ങളൊന്നും യഹിയ നടത്തിയിട്ടില്ലായിരുന്നു. ഫാൻ കറങ്ങുമ്പോൾ കാറ്റ് പിറകിലേക്ക് വലിച്ച് വിമാനം ഉയരുമെന്ന് മാത്രം യഹിയക്കറിയാമായിരുന്നു. വിമാനത്താവളത്തിലെത്തി വിമാനത്തിന്‍റെ ഘടനയും മറ്റു സംവിധാനങ്ങളുമെല്ലാം നോക്കി മനസിലാക്കി. അഞ്ച് വര്‍ഷത്തെ പ്രയത്‌നം ഒടുവില്‍ ഫലം കണ്ടു.
350 കിലോഗ്രാം ഭാരമുള്ള വിമാനം നിര്‍മിക്കാന്‍ അര ലക്ഷം രൂപയാണ് ചെലവ് വന്നത്. മഹാഗണിയുടെ തടിയിൽ പ്രത്യേക ആകൃതിയില്‍ വെട്ടി ഉണ്ടാക്കിയ രണ്ട് ലീഫുകളുള്ള പങ്ക വിമാനത്തില്‍ ഘടിപ്പിച്ചു. പൾസർ ബൈക്കിന്‍റെ എൻജിനും നാനോ കാറിന്‍റെ ഡ്രൈവിങ് സീറ്റും ആക്‌ടീവ സ്‌കൂട്ടറിന്‍റെ മൂന്ന് ചെറിയ ടയറുകളും വിമാനത്തിന്‍റെ ഭാഗങ്ങളായി.
വിമാനം റെഡി, ഇനി അനുമതി
ജിഐ പൈപ്പുകളിൽ ഇലക്ട്രിക് ഓട്ടോയുടെ റെക്‌സിന്‍ ഉപയോഗിച്ചാണ് 3 മീറ്റർ നീളമുള്ള ചിറകുകൾ നിര്‍മിച്ചത്. നിര്‍മാണത്തിനിടെ ഏറെ ബുദ്ധിമുട്ടിയത് ചിറകുകൾ ഘടിപ്പിക്കാന്‍ ആയിരുന്നുവെന്ന് യഹിയ പറയുന്നു. നിര്‍മാണം പൂര്‍ത്തിയായെങ്കിലും പറത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് യഹിയ.
Read more: പായല്‍ പച്ചപ്പില്‍ താരചിത്രങ്ങള്‍ ; വേറിട്ട രൂപകല്‍പ്പനയുമായി സിറാജുദ്ദീന്‍