മലപ്പുറം: കെ റെയില്‍ ഇടതുപക്ഷ സര്‍ക്കാരിന് കമ്മിഷന്‍ നേടുന്ന തിന് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്. കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവില്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതില്‍ കേന്ദ്രത്തില്‍ നിന്ന് തടസം വന്നിട്ടുണ്ട്. ഇവ പരിഹരിക്കണമെങ്കില്‍ കൂട്ടായ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.എം.പിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കന്‍മാര്‍ എന്നിവര്‍ ആരോടും ആലോചിക്കാതെയാണ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് ശരിയായ നടപടിയല്ല.
സമഗ്ര ചര്‍ച്ച നടത്തി വേണം പദ്ധതിയെ ആരംഭിക്കാന്‍. പദ്ധതി നടപ്പിലാക്കുന്നതോടെ കോടികളുടെ കമ്മീഷന്‍ പാര്‍ട്ടി ഫണ്ടിലേക്ക് ലഭിക്കുമെന്നാണ് ഇടതുപക്ഷ കക്ഷികള്‍ കണക്കുകൂട്ടുന്നത്. ഇതിനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ഇടതുപക്ഷവും.
ALSO READ : സിൽവർ ലൈൻ കേരളത്തിന് ദോഷം, പദ്ധതിയെ എതിർക്കുമെന്ന് വി മുരളീധരൻ
പദ്ധതി വരുന്നതിലൂടെ നിരവധി ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. കുടിയൊഴിപ്പിക്കുന്ന വിഷയത്തില്‍ ഇരട്ടത്താപ്പ് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തില്‍ ഒരു നയവും മറ്റ് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ മറ്റൊരു നയവുമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.