മലപ്പുറം: കേരളം അവസാന ഘട്ട പോളിങില്‍. മലപ്പുറം അടക്കമുള്ള നാല് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും വോട്ട് രേഖപ്പെടുത്തി. അനുകൂല സാഹചര്യമാണുള്ളതെന്നും അതിനാല്‍ മലബാറിലും കേരളത്തിലാകെയും യുഡിഎഫ് തൂത്തുവാരുമെന്നും പാണക്കാട് ഹൈദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വളരെ വ്യക്തമായ വിജയപ്രതീക്ഷയാണുള്ളതെന്നും ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും യുഡിഎഫില്‍ ജനങ്ങള്‍ പ്രതീക്ഷ വെക്കുന്നുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാൻസ്ജെൻഡേഴ്‌സും അടക്കം 89.74 ലക്ഷം വോട്ടർമാരാണ് മൂന്നാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. പ്രശ്നബാധിത ബൂത്തുകൾ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് പോളിങ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയില്‍ 16,29,149 പുരുഷന്‍മാരും 17,25,449 സ്ത്രീകളും 48 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ ആകെ 33,54,646 വോട്ടര്‍മാരാണ് ഉള്ളത്. മുന്നണി സ്ഥാനാര്‍ഥികളും, സ്വതന്ത്രരും, വിമതരും എല്ലാം ചേര്‍ന്ന് 8387 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.