മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇസ്‌തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ ഒന്നേ മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. 92 ലക്ഷത്തിലധികം രൂപ വിലവരുന്ന 1.7498 കിലോഗ്രാം സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടികൂടുന്ന 42-ാമത്തെ കേസാണിത്.
സംശയമുളവാക്കിയത് ഇസ്‌തിരിപ്പെട്ടിയുടെ ഭാരം: അബുദാബിയില്‍ നിന്ന് വ്യാഴാഴ്‌ച പുലര്‍ച്ചെ എയര്‍ അറേബ്യാ എക്‌സ്‌പ്രസില്‍ വിമാനത്താവളത്തിലെത്തിയ വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദില്‍ (40) നിന്നാണ് സ്വര്‍ണം പിടികൂടിയത്. ജീപാസ് കമ്പനിയുടെ ഹെവി വെയ്റ്റ് ഇസ്‌തിരിപ്പെട്ടിക്കകത്ത് ഹീറ്റിങ് കോയിലിന്‍റെ കെയ്‌സിനകത്ത് സ്വര്‍ണം ഉരുക്കി ഒഴിച്ച് ഇരുമ്പിന്‍റെ ഷീറ്റ് വച്ച് അടച്ച് വെല്‍ഡ് ചെയ്‌ത് ഭദ്രമാക്കിയ രൂപത്തിലാണ് സ്വര്‍ണം കടത്തിക്കൊണ്ട് വന്നത്. ഇസ്‌തിരിപ്പെട്ടിക്ക് ഭാരകൂടുതലുള്ളതായി കാണപ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഇസ്‌തിരിപ്പെട്ടി അഴിച്ച് പരിശോധിക്കുകയായിരുന്നു.
സ്വര്‍ണം ഒളിപ്പിച്ചത് ഹീറ്റിങ് കോയിലില്‍: കസ്റ്റംസ് പരിശോധനക്ക് ശേഷം വിമാനത്താവളത്തിന് പുറത്ത് കടന്ന മുസാഫിറിനെ മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഒപ്പം താമസിക്കുന്നയാളുടെ സുഹൃത്തായ കോഴിക്കോട് സ്വദേശി ഷഫീഖ് തന്‍റെ കൈയില്‍ ഒരു ഇസ്‌തിരിപ്പെട്ടി തന്ന് വിട്ടിട്ടുണ്ടെന്നും ഷഫീഖിന്‍റെ ബന്ധു തന്‍റെ വീട്ടിലെത്തി ഇസ്‌തിരിപ്പെട്ടി വാങ്ങികൊള്ളുമെന്നാണ് പറഞ്ഞതെന്നും മൊഴി നല്‍കി. ഇസ്‌തിരിപ്പെട്ടി പരിശോധിച്ച പൊലീസ് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ഹീറ്റിങ് കോയില്‍ തുറന്ന് നോക്കിയപ്പോഴാണ് കോയില്‍ കെയ്‌സിന്‍റെ അതേ രൂപത്തില്‍ സ്വർണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
Also read: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: പിടികൂടിയത് 90 ലക്ഷം രൂപയുടെ സ്വര്‍ണം