മലപ്പുറം: നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം ജനകീയ ക്യാമ്പയിനിന്‍റെ ഭാഗമായി മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിൽ തെരുവു നാടകം അരങ്ങേറി. കഞ്ഞിയും ചമ്മന്തിയും എന്ന പേരിൽ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകമാണ് തെരുവുകളിൽ അരങ്ങേറുന്നത്. ഭക്ഷ്യ സുരക്ഷാവകുപ്പ് ആദ്യമായിട്ടാണ് ഇത്തരമൊരു നാടകവുമായി രംഗത്തെത്തുന്നത്.
ഒരു നാടിന്‍റെ പുരോഗതിയിൽ ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ പങ്കുണ്ട്. ആരോഗ്യമുള്ള ജനത ഏതൊരു നാടിന്‍റെയും സാമൂഹിക പുരോഗതിയുടെ അടിത്തറയാണ്. ആരോഗ്യരംഗത്ത് കേരളത്തിലുണ്ടായ മുന്നേറ്റം ലോകത്തിനുതന്നെ മാതൃകയാണ് എന്നാൽ വിവിധ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നു. ഇതിനെതിരെയുള്ള ബോധവൽക്കരണം എന്ന നിലയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയിട്ടുള്ളത്. മായം ചേർക്കുന്ന ഭക്ഷണങ്ങൾ എങ്ങനെ കണ്ടെത്താമെന്നും നാടകത്തിൽ ചൂണ്ടിക്കാണിക്കുന്നു. നാടകം കാണാനെത്തിയവര്‍ക്കെല്ലാം ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യത്തെ സംബന്ധിച്ച ലഘുലേഖകളും വിതരണം ചെയ്തു.