മലപ്പുറം: പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കി ഗവണ്‍മെന്‍റ് കോണ്‍ട്രാക്റ്റേഴ്‌സ് അസോസിയേഷന്‍റെ മലപ്പുറം ജില്ലാ കമ്മറ്റി. കവളപ്പാറയിലെ പ്രളയബാധിതർ ഉൾപ്പെടെ പോത്തുകൽ പഞ്ചായത്തിലെ എട്ട് കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീട് നിർമിക്കാൻ ഒരു കോടി പത്ത് ലക്ഷം രൂപയാണ് അസോസിയേഷന്‍ സമാഹരിച്ചിരിക്കുന്നത്.
നിലമ്പൂർ ഭൂദാനം സെന്റ് ജോർജ് മലങ്കര ദേവാലയത്തിന് സമീപം 50 സെന്റ് സ്ഥലം വാങ്ങി തുടങ്ങിയ വീട് നിര്‍മാണം പകുതിയിലധികം പൂര്‍ത്തിയായി. അടുത്ത മാര്‍ച്ച് മാസത്തിന് മുമ്പ് വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് വി.പി മുഹമ്മദ് അയൂബ് പറഞ്ഞു. ഒരു വീടിന് 8.25 ലക്ഷം രൂപയാണ് ഗവണ്‍മെന്‍റ് കോണ്‍ട്രാക്റ്റേഴ്‌സ് അസോസിയേഷന്‍ മാറ്റിവച്ചിരിക്കുന്നത്. കിണർ ഉൾപ്പെടെയുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. സംഘടനയിലെ അംഗങ്ങളിൽ നിന്നാണ് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പണം പിരിച്ചെടുത്തത്. പ്രളയ സമയത്തും സഹായവുമായി സംഘടന രംഗത്തുണ്ടായിരുന്നു.