മലപ്പുറം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി.
തമിഴ്നാട്ടിൽ കഴിഞ്ഞ പതിനഞ്ചിന് ട്രോളിങ് നിരോധനം അവസാനിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തേക്ക് വ്യാപകമായി മായം കലർന്ന മീൻ എത്തുന്നു എന്ന പരാതിയെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. ജില്ലയിലെ പെരിന്തൽമണ്ണ, കൊണ്ടോട്ടി, മലപ്പുറം മത്സ്യ മാർക്കറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മായം കലർന്ന മീനുകളൊന്നും കണ്ടെത്താൻ ആയില്ല. ഒരാഴ്ച പരിശോധന നീണ്ടുനിൽക്കുമെന്നും സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അയൽസംസ്ഥാനങ്ങളിൽ ട്രോളിങ് നിരോധനം അവസാനിച്ചതോടെ, സംസ്ഥാനത്ത് വൻതോതിൽ ഉയർന്ന മീൻ വില കുറഞ്ഞിട്ടുണ്ട്. 300 രൂപ വരെ എത്തിയ മത്തിക്ക് 160 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ വർഷം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഫോർമാലിൻ ഇട്ട മത്സ്യം കണ്ടെത്തിയിരുന്നു.