മലപ്പുറം: ടോക്കിയോ ഒളിമ്പിക്‌സിനെ വരവേൽക്കുന്നതിന്‍റെ ഭാഗമായി മലപ്പുറം അരീക്കോട് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കേരള ഫുട്ബോൾ അസോസിയേഷന്‍റെ 'ഷൂട്ട് ദ ഗോൾ' എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മത്സരം.
അരീക്കോട് സ്പോർട്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ചക്കം തൊടിക മൈതാനത്തിൽ നടന്ന ഷൂട്ടൗട്ട് മത്സരത്തിന്‍റെ ഉദ്ഘാടനം എംഎസ്‌പി അസിസ്റ്റന്‍റ് കമാൻഡ് പി ഹബീബ് റഹ്മാനും സിഗ്നേച്ചർ ക്യാമ്പയിന്‍റെ ഉദ്ഘാടനം മാസ്റ്റേഴ്‌സ് അത്‌ലറ്റിക് താരം എ സമദും നിർവഹിച്ചു.
മുൻ ഫുട്ബോൾ താരങ്ങൾ, പൊലീസ് ടീം, സെൻട്രൽ എക്സൈസ്, ടൈറ്റാനിയം തുടങ്ങിയ നിരവധി ക്ലബ്ബുകളുടെ താരങ്ങളും ഷൂട്ട് ഔട്ട് മത്സരത്തിൽ പങ്കെടുത്തു. രാജ്യത്തെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മുഴുവൻ കായികതാരങ്ങൾക്കും ആശംസകൾ നേരുന്നുവെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് കാഞ്ഞിരാല അബ്ദുൽ കരീം പറഞ്ഞു.
Also read: ഒളിമ്പിക്‌സ് വില്ലേജില്‍ വീണ്ടും കൊവിഡ്; രണ്ട് അത്‌ലറ്റുകള്‍ക്ക് കൂടി രോഗബാധ