കോഴിക്കോട്: കൊയിലാണ്ടി ചേലിയയിൽ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വൻ ദുരൂഹത. യുവതിക്ക് പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.
യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ ഇടപാട്
രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുമായി ഒരു കോടിയോളം രൂപയുടെ ഇടപാടുകളാണ് യുവതി നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതിയിരുന്ന 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ ബിജിഷ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുണ്ട്. ഇത്രയും പണത്തിന്‍റെ ഇടപാടുകള്‍ ആര്‍ക്ക് വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് ബിജിഷ നടത്തിയതെന്ന് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. പൊലീസ് അറിയിക്കുമ്പോഴാണ് വീട്ടുകാർ പോലും പണമിടപാടിനെപ്പറ്റി അറിയുന്നത്.
ഇടപാടുകൾ ഓൺലൈനിലൂടെ
പണം വാങ്ങിയതും കൊടുത്തതുമെല്ലാം ഗൂഗിള്‍ പേ ഉൾപ്പടെയുള്ള യുപിഐ ആപ്പുകള്‍ വഴിയാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നില്ല. സ്വകാര്യ ടെലികോം കമ്പനിയായ സ്റ്റോറില്‍ ജോലി ചെയ്‌ത് വന്നിരുന്ന ബിജിഷ ഇത്രയും പണമിടപാട് നടത്തിയതെന്തിനാണെന്നാണ് എല്ലാവരെയും കുഴക്കുന്ന ചോദ്യം.
ഇത്രയേറെ പണം ഇടപാടുകള്‍ നടത്തിയിട്ടും ബിജിഷയുടെ മരണ ശേഷം ഇതുവരെ ആരും പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയോ ബന്ധുക്കളെയോ സമീപിക്കുകയോ ചെയ്‌തിട്ടില്ല. പിന്നെ എന്താണ് ബിജിഷയ്ക്ക് സംഭവിച്ചതെന്നാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം.
ആക്ഷൻ കമ്മറ്റി രൂപീകരിച്ച് നാട്ടുകാർ
സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. അതേ സമയം ബിഎഡ് ബിരുദധാരിയായ ബിജിഷ ചതിക്കപ്പെട്ടു എന്ന് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കഴിയുന്നില്ല. യുപിഐ ആപ്പുകള്‍ വഴി നടത്തിയ പണമിടപാടുകളുടെ തെളിവുകള്‍ നശിപ്പിക്കാനും ബിജിഷ ശ്രമിച്ചിരുന്നു.
ഇത് മനസിലാക്കിയതോടെയാണ് പൊലീസ് ബാങ്കില്‍ എത്തി പണമിടപാടിന്‍റെ വിവരങ്ങള്‍ ശേഖരിച്ചത്. ബിജിഷയെ 2021 ഡിസംബര്‍ 12നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.