കോഴിക്കോട്: കൊവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാൻ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതായി കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ്. ഇതിനായി മന്ത്രിയുടെ കീഴിൽ ഒരു ഷാഡോ കമ്മിറ്റി പ്രവർത്തിച്ചിരുന്നുവെന്നും സിദ്ദിഖ് ആരോപിച്ചു.
വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് എന്തു പറ്റി
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി മുന്നോട്ടു വച്ച നിർദേശങ്ങളിൽ സംസ്ഥാനത്ത് മരണം റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കാതെ മുന്നോട്ടു പോകുന്ന സാഹചര്യം ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ആരോഗ്യ മന്ത്രി തള്ളിയെന്നും സിദ്ദിഖ് ചോദിച്ചു.
ഓഡിറ്റിങ് പൂര്‍ത്തിയാക്കണം
കൊവിഡ് മരണ നിരക്കുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ ഓഡിറ്റിങ് പുനപരിശോധനക്ക് സർക്കാർ തയ്യാറാവണം. നടന്നിരിക്കുന്നത് സത്യപ്രതിജ്ഞ ലംഘനമാണ് നടന്നിരിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തണം. ഇതിനായി സർക്കാർ നിയന്ത്രണത്തിലല്ലാത്ത സ്വതന്ത്ര, വിദഗ്ദ സമിതിയെ നിയോഗിക്കണം. രാജ്യത്തെ ഏറ്റവും മരണനിരക്ക് കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിച്ചു. ഇതിനായി നടത്തിയ ഹീനമായ പ്രവൃത്തിയാണിത്.
വകുപ്പിനൊരു കണക്ക് തദ്ദേശസ്ഥാപനത്തിനൊരു കണക്ക്!
ആരോഗ്യ വകുപ്പിന്‍റെ കൈവശമുള്ള കൊവിഡ് മരണ കണക്കും തദ്ദേശ സ്ഥാപനങ്ങളുടെ കണക്കും തമ്മിൽ അന്തരമുണ്ടായത് എങ്ങനെയെന്ന് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം. സി.എഫ് ആറിലെ അന്തരം കേരളത്തിൽ അട്ടിമറി നടന്നതിന്‍റെ പ്രകടമായ തെളിവാണെന്നും സിദ്ധിഖ് കോഴിക്കോട്ട് പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് യു. രാജീവൻ മാസ്റ്റർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ കെ പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.
കൂടുതല്‍ വായനക്ക്:- കൊവിഡ് മരണം റിപ്പോർട്ട് ചെയ്യല്‍ : സർക്കാരിന്‍റേത് പൊടിക്കൈയെന്ന് വി.ഡി സതീശന്‍