കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷ ജോലിക്കെത്തിയ അധ്യാപകരുടെ അശ്രദ്ധ കാരണം വിദ്യാർഥിയുടെ തുടർപഠനം ത്രിശങ്കുവിൽ. മേപ്പയൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മുഹമ്മദ് യാസിന്‍റെ സർട്ടിഫിക്കറ്റിലാണ് ഫലം വന്നപ്പോൾ ആബ്‌സന്‍റ് അടയാളപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് യാസിൻ എഴുതിയ ഇംഗ്ലീഷ് പരീക്ഷയാണ് ആബ്‌സന്‍റായി രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 21ന് നടന്ന ഇംഗ്ലിഷ് പരീക്ഷയില്‍ അധ്യാപകരുടെ അശ്രദ്ധ മൂലം നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് പരാതിയുണ്ടായിരുന്നു.
പരീക്ഷ ദിവസം നടന്നത്
ഉച്ചയ്ക്ക് ശേഷം നടന്ന പരീക്ഷയ്ക്ക് യാസിൻ എത്തിയിട്ടില്ലെന്ന് 2 മണിയോടെ അധ്യാപകര്‍ രക്ഷിതാവിനെ അറിയിച്ചു. തുടര്‍ന്ന് യാസിന്‍റെ പിതാവ് എത്തി പരീക്ഷ എഴുതുന്ന ക്ലാസും രജിസ്റ്റർ നമ്പറും കുട്ടിയുടെ ഫോട്ടോയും കാണിച്ചുവെങ്കിലും കുട്ടി എത്തിയിട്ടില്ല എന്ന മറുപടിയാണ് അധ്യാപകര്‍ നൽകിയത്. പൊതുപരീക്ഷ ആയതിനാല്‍ മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരാണ് ഡ്യൂട്ടിക്കെത്തിയിരുന്നത്. കുട്ടിയെ പരിചയമുള്ള അധ്യാപകർ സ്‌കൂളില്‍ ഉണ്ടായിരുന്നതുമില്ല.
തുടർന്ന് അധ്യാപകരുടെ നിർദേശപ്രകാരം രക്ഷിതാവ് മേപ്പയൂർ പൊലീസിൽ പരാതി നൽകി. സ്‌കൂള്‍ പേരാമ്പ്ര സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതി നൽകാൻ നിർദേശിച്ചു. പരീക്ഷ കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിൽ കൊവിഡ് നിയന്ത്രണ ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിനിടെ മേപ്പയ്യൂർ പൊലീസ് അറിയിപ്പ് നൽകിയിരുന്നു.
ഇതിനെല്ലാം നടപടി വേണം
സ്‌കൂളില്‍ തിരിച്ചെത്തിയ പിതാവ് പരീക്ഷ കഴിയും വരെ പൊലീസിനൊപ്പം കാത്തുനിന്നു. പരീക്ഷ കഴിഞ്ഞ് സ്‌കൂളിന് പുറത്തേക്ക് മൂന്നാമതായി കുട്ടി ഇറങ്ങിവന്നു. ഇതോടെ അധ്യാപകർ അങ്കലാപ്പിലായി. കുട്ടിയുടെ പരീക്ഷഫലത്തെ ഇത് ബാധിക്കുമോ എന്ന് പിതാവ് ചോദിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്ന് അധ്യാപകർ ഉറപ്പുനൽകിയിരുന്നു.
പക്ഷേ ഫലം വന്നപ്പോൾ പരീക്ഷക്ക് കുട്ടി ഹാജരായില്ല എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നറിയാതെ യാസിന്‍റെ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്. തന്‍റെ ഉത്തരക്കടലാസ് കണ്ടെത്തണമെന്നും പ്രശ്‌നം പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് യാസിൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.