കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് പ്ലസ്‌ടു വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. രൂപമാറ്റം വരുത്തിയ കാറുകളിലും ബൈക്കുകളിലുമായിരുന്നു സാഹസ പ്രകടനം. മലബാര്‍ ക്രിസ്‌ത്യന്‍ കോളജ് മൈതാനത്ത് വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനത്തിനിടെ അപകടമുണ്ടായി.
ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങിന്‍റെ ഭാഗമായി നടന്ന വാഹന പ്രകടനത്തിനിടെയാണ് സംഭവം. അമിതവേഗതയില്‍ മൈതാനത്ത് വലംവയ്ക്കുന്നതിനിടെ കാര്‍ സ്‌കിഡ് ചെയ്‌ത് ബൈക്കിലിടിയ്ക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Also read: കോഴിക്കോട്ട് കാറുമായി പ്ലസ് ടു വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം, ബൈക്കിനെ ഇടിച്ചിട്ടു ; കേസ്
അപകടകരമായ രീതിയിലും ലൈസന്‍സില്ലാതെയും വാഹനമോടിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. മുക്കം കള്ളന്തോട് എംഇഎസ് കോളജിലും ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികള്‍ സമാന പ്രകടനം നടത്തി. ബോണറ്റിലിരുന്നും ഡോറുകളിലൂടെ തല പുറത്തേക്കിട്ടും വിദ്യാര്‍ഥികള്‍ റോഡിലൂടെ സഞ്ചരിയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇവര്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. 2015ല്‍ തിരുവനന്തപുരം ശ്രീകാര്യത്തുള്ള സിഇടി ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് ഒരു വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. 12 പേർ സഞ്ചരിച്ചിരുന്ന ജീപ്പിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് വിദ്യാര്‍ഥിയെ ഇടിച്ചിടുകയായിരുന്നു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി തസ്‌നി ബഷീര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ആഘോഷങ്ങളുടെ ഭാഗമായി വാഹന പ്രകടനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരുന്നു.