കണ്ണൂർ: എൽഡിഎഫ് മുൻ കൺവീനർ ഇപി ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജയരാജൻ പറയുന്നത് വിശ്വസിക്കുകയെന്നതാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്നത്. ഈ വിവാദം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'താൻ അങ്ങനെ ഒരു പുസ്‌തകം എഴുതിയിട്ടില്ലെന്ന് ഇപി തന്നെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇപിയെ വിശ്വസിക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പുസ്‌തകം എഴുതുന്നതിന് പാർട്ടിയുടെ അനുമതി ആവശ്യമില്ല. പാർട്ടിക്ക് എതിരായി ഗൂഢാലോചന ഉണ്ടോ എന്നതൊക്കെ പിന്നീട് ചർച്ച ചെയ്യാമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്ന വിവാദ പരാമർശങ്ങൾക്കെതിരെ നിയമ നടപടി എടുക്കും എന്ന് ഇപി തന്നെ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾ പാർട്ടിക്ക് എതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ജയരാജന്‍റെ പേരിലുള്ള പുസ്‌തക വിവാദത്തിൽ നിയമ നടപടി സ്വീകരിക്കണ്ടത് ജയരാജൻ തന്നെയാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇ പി എന്തെങ്കിലും അതൃപ്‌തി അറിയിച്ചിട്ടുണ്ടങ്കിൽ തന്നെ അത് മാധ്യമങ്ങളോട് പറയേണ്ട കാര്യം ഇല്ലെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുസ്‌തക വിവാദത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നെങ്കിൽ അത് അന്വേഷിക്കണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഡിസി ബുക്‌സും മാധ്യമത്തിന്‍റെ ഭാഗമാണ്, അവർക്ക് ബിസിനസ് താത്‌പര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജയരാജൻ പറഞ്ഞിടത്താണ് താനും നിൽക്കുന്നത്. അതിനപ്പുറം ഒന്നും പറയാനില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
Also Read: 'ആത്മകഥ വിവാദം' രാഷ്‌ട്രീയ ഗൂഢാലോചന; പുറകിൽ ആരെന്ന് കണ്ടെത്തും: ഇപി ജയരാജൻ