ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ ബുള്‍ഡോസര്‍ നീതി നടപ്പാക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പുറത്തിറക്കിയിട്ടുള്ള സമഗ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനവുമായി സുപ്രീം കോടതി. ഇവ തികച്ചും ഭരണഘടനാ വിരുദ്ധവും അധികാര വികേന്ദ്രീകരണത്തിന്‍റെ ലംഘനവുമാണെന്നും കോടതി നിരീക്ഷിച്ചു.
സ്വഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കാതെയുള്ള പൊളിച്ചു നീക്കലുകള്‍ ശക്തിയാണ് ശരിയെന്ന പഴയ കാട്ടുനീതിയെയാണ് ഓര്‍മിപ്പിക്കുന്നത്. നിയമം ലംഘിച്ചെന്നതിന്‍റെ പേരില്‍ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ഒരു പൗരന്‍റെ സ്വത്തുക്കള്‍ ഇടിച്ച് നിരത്തുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയുടെയും കെ വി വിശ്വനാഥന്‍റെയും നിരീക്ഷണങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒരാള്‍ പ്രതിയാണെന്ന് എങ്ങനെ തീര്‍പ്പുകല്‍പിക്കാനാകുമെന്നും കോടതി ചോദിച്ചു. ഒരാള്‍ പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. കോടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ല. പാര്‍പ്പിടം ജന്മാവകാശമാണ്. അപ്പോള്‍ അത് തകര്‍ക്കുന്നത് നിയമവിരുദ്ധവും ഭരണ ഘടന വിരുദ്ധവുമാണ്. നിരാലംബരായ സ്ത്രീകളെയും കുട്ടികളേയും തെരുവിലിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഗുരുതരമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ വിധിക്കാനുള്ള അവകാശം കോടതിക്ക് മാത്രമാണ്. നിയമപ്രകാരമല്ലാതെ വീട് പൊളിച്ചാല്‍ നഷ്‌ടപരിഹാരം തേടി കോടതിയെ സമീപിക്കാം. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. വീട് നിര്‍മ്മാണത്തിനാവശ്യമായ തുക ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു
നിര്‍മ്മാണം അനധികൃതമെങ്കില്‍ നടപടിക്രമങ്ങളിലൂടെ മാത്രമേ പൊളിച്ചു നീക്കാനാവൂ. 15 ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവസരം നല്‍കണം. കോടതി തടഞ്ഞില്ലെങ്കില്‍ മാത്രമേ പൊളിക്കാവൂ. നോട്ടീസ് നല്‍കിയതും, അതില്‍ സ്വീകരിച്ച നടപടിയുമടക്കം വ്യക്തമാക്കുന്ന ഡിജിറ്റല്‍ പോര്‍ട്ടല്‍ മൂന്ന് മാസത്തിനകം സജ്ജമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നിര്‍മ്മിതികള്‍ പൊളിക്കാനുള്ള നടപടിക്രമങ്ങള്‍
- ഭരണഘടനയിലെ അനുച്ഛേദം 142 ഉപയോഗിക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സുതാര്യതയും കൃത്യതയും ഉറപ്പാക്കണം
- അധികൃതര്‍ കൃത്യമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കണം. ഇതില്‍ എന്തിന് വേണ്ടിയാണ് പൊളിക്കല്‍ എന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണമുണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
- പൊളിക്കല്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കണം. പൊളിക്കല്‍ കോടതി മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്നും കോടതി നിഷ്‌കര്‍ഷിക്കുന്നു.
- മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പൊളിക്കലുകള്‍ പാടില്ല. പതിനഞ്ച് ദിവസം മുമ്പെങ്കിലും അറിയിപ്പ് നല്‍കണം.
- നോട്ടീസുകള്‍ തപാല്‍ വഴിയാകണം നല്‍കേണ്ടത്. പൊളിക്കേണ്ട നിര്‍മ്മിതിയിലും നോട്ടീസ് പതിച്ചിരിക്കണം. പൊളിക്കലിനുള്ള കാരണങ്ങളും ഇതില്‍ വ്യക്തമാക്കിയിരിക്കണം. ആരോപിതനായ വ്യക്തിക്ക് നിയമനടപടിക്കുള്ള സാഹചര്യവും ഉണ്ടായിരിക്കണം.
- കോടതി ഉത്തരവുകള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരം സംഭവങ്ങളില്‍ ഉദ്യോഗസ്ഥനില്‍ നിന്ന് തുകയും ഈടാക്കാം. അതല്ലെങ്കില്‍ കെട്ടിടം പുനര്‍നിര്‍മ്മിച്ച് നല്‍കേണ്ടതുണ്ട്.
- കോടതിയുത്തരവിന്‍റെ പകര്‍പ്പ് എല്ലാ ഹൈക്കോടതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അയച്ച് നല്‍കും.
Also Read: ഡോക്‌ടറുടെ കഴുത്തിലും തലയിലും നെഞ്ചിലും കുത്തി രോഗിയുടെ മകന്‍; ഗുരുതരാവസ്ഥയില്‍, പ്രതി പിടിയില്‍