കോഴിക്കോട്: സംസ്ഥാനത്ത് കണ്ടെത്തിയ സമാന്തര ടെലഫോൺ സംവിധാനം പ്രവർത്തിച്ചത് സ്വർണക്കടത്ത് സംഘത്തിന് വേണ്ടിയെന്ന് ക്രൈംബ്രാഞ്ച്. ആയിരത്തിലേറെ എക്‌സ്ചേഞ്ചുകൾ ഇതിനായി പ്രവർത്തിച്ചെന്നും കണ്ടെത്തൽ. കേസിലെ മുഖ്യ ആസൂത്രകൻ മലപ്പുറം സ്വദേശി ഇബ്രാഹിമിനെ ചോദ്യം ചെയ്‌തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
ഈ സംഘത്തിന് രാജ്യവ്യാപക ബന്ധമുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. സമാന്തര എക്‌സ്‌ചേഞ്ചിനുള്ള സിംബോക്‌സുകൾ വന്നത് ഹോങ്കോങ്ങിൽ നിന്നാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ 114 സിംബോക്‌സുകള്‍ ഹോങ്കോങ്ങിൽ നിന്നും ഡല്‍ഹിയിലെത്തിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കാണ് ഇവ എത്തിച്ചത്.
Read more: സ്വർണക്കടത്ത് സംഘം സമാന്തര ടെലഫോൺ സംവിധാനം ഉപയോഗപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്
കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോകാന്‍ സമാന്തര ടെലഫോൺ സംവിധാനം ഉപയോഗപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ട് പോകൽ കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഈ വിവരം കോഴിക്കോട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കോഴിക്കോട് നഗരത്തിൽ ഏഴിടങ്ങളിലാണ് സമാന്തര ടെലഫോൺ എക്‌സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.
അതേസമയം, കോളുകളുടെ ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയാൻ ഒരു മാർഗവും ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ബെംഗളൂരുവിലേക്ക് തിരിച്ചു.