കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഓഗസ്റ്റ് 27ന് വൈകിട്ട് അയൽപക്കത്തെ കുട്ടികൾക്കൊപ്പം കുട്ടി കളിച്ചിരുന്നുവെന്ന് റൂട്ട് മാപ്പില്‍ പറയുന്നു. 28ന് കുട്ടി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. 29ന് എരഞ്ഞി മാവിലെ ഡോ. മുഹമ്മദ്‌സ് ക്ലിനിക്കിൽ ഓട്ടോറിക്ഷയിൽ പോയി. 30ന് വീട്ടിൽ തന്നെയാണ് കുട്ടി കഴിഞ്ഞത്.
ഓഗസ്റ്റ് 31ന് കുട്ടിയെ മുക്കത്തെ ഇഎംഎസ് ആശുപത്രിയിൽ കാണിച്ചു. ഇവിടെ നിന്ന് ഓട്ടോയില്‍ ഓമശേരി ശാന്തി ആശുപത്രിയിലെത്തി. ഉച്ചക്ക് ഒരു മണിക്ക് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. സെപ്‌റ്റംബര്‍ ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് പതിനൊന്ന് മണിയോടെ ആംബുലൻസില്‍ കുട്ടിയെ കൊണ്ടുപോയി.
അതേസമയം, കുട്ടിയുടെ വീട്ടില്‍ നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോള് സംഘം പരിശോധന നടത്തി. ഡോ. രഘുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പാഴൂരിലെ മുന്നൂരിലുള്ള കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
Read more: നിപ വൈറസ് ബാധ: കേന്ദ്ര സംഘം കോഴിക്കോട് എത്തി